മുടിവെട്ടിക്കഴിയുമ്പോള് സ്വാഭാവികമായും മുടി ഒന്ന് പതുക്കെ മസാജ് ചെയ്ത് കൊടുക്കുന്നത് ബാര്‍ബര്‍മാരുടെ പതിവാണ്. പക്ഷെ ആ മസാജ് ഒരു യുവാവിനെ കൊണ്ടെത്തിച്ചത് സ്ട്രോക്കിലേക്കാണ്.
ബാര്‍ബര്‍ നല്കിയ ഫ്രീ തല മസ്സാജിനെ തുടര്‍ന്ന് സ്ട്രോക്ക് വന്നെന്ന് 30കാരന്. കര്‍ണാടകയിലെ ബല്ലാരിയിലാണ് സംഭവം. രണ്ട് മാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നുവെന്നും യുവാവ് പറയുന്നു.
മുടിവെട്ടിക്കഴിഞ്ഞപ്പോള്‍ ബാര്‍ബര്‍ ഇയാളുടെ തല മസ്സാജ് ചെയ്തിരുന്നു. ഇങ്ങനെ തല മസ്സാജ് ചെയ്യുന്നത് ഇവിടുത്തെ പതിവാണ്. തല മസ്സാജിനൊടുവില്‍ ബാര്‍ബര്‍ ഇയാളുടെ കഴുത്ത് രണ്ട് ഭാഗത്തേക്കും വെട്ടിക്കുകയും ചെയ്തു. ഇതോടെയാണ് വേദന ആരംഭിച്ചത്.
വേദന മാറുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, വീട്ടിലെത്തിയതിന് പിന്നാലെ വേദന ശക്തമാകുകയും നിലതെറ്റുകയും സംസാരിക്കാന്‍ സാധിക്കാതാവുകയും ചെയ്തു. ഇടതുവശം തളരുകയും ചെയ്തു.
ഉടന്‍ ആശുപത്രിയിലെത്തി. മസ്സാജിങ്ങിന്റെ ഭാഗമായി കഴുത്ത് ശക്തിയില്‍ വെട്ടിച്ചപ്പോള്‍ തലച്ചോറിലേക്കും തലയുടെ മറ്റ് ഭാഗങ്ങളിലേക്കും രക്തമെത്തിക്കുന്ന കരോട്ടിഡ് ധമനിയില്‍ പൊട്ടലുണ്ടാവുകയും രക്തയോട്ടം കുറയുകയും ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നുള്ള സ്ട്രോക്കാണ് സംഭവിച്ചിരിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.
സാധാരണ സ്ട്രോക്കില്‍ നിന്ന് വ്യത്യസ്തമാണ് ഇത്തരം സ്ട്രോക്കിന്റെ കാരണമെന്ന് ആസ്റ്റര്‍ ആര്.വി ആശുപത്രിയിലെ ഡോ. ശ്രീകാന്ത സ്വാമി പറഞ്ഞു. കഴുത്ത് വെട്ടിച്ചത് മൂലമാണ് ഇവിടെ രക്തക്കുഴലുകള്‍ക്ക് പരിക്കേറ്റ് രക്തയോട്ടം കുറഞ്ഞതെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി. രണ്ട് മാസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് 30കാരന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനായത്.
വിദഗ്ധരും പരിശീലനം ലഭിച്ചയാളുകളും മാത്രമേ ഇത്തരത്തില്‍ കഴുത്ത് വെട്ടിക്കല്‍ ഉള്‍പ്പെടെയുള്ള മസ്സാജിങ് രീതികള്‍ നടത്താവൂവെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി. ബാര്‍ബര്‍മാര്‍ ചെയ്യുന്നത് മാത്രമല്ല, ഒരാള്‍ സ്വയം ചെയ്യുന്ന കഴുത്ത് വെട്ടിക്കലുകള്‍ പോലും ചിലപ്പോള്‍ അപകട കാരണമാകും. രക്തക്കുഴലുകള്‍ പൊട്ടിയാല്‍ തലച്ചോറില്‍ രക്തമെത്താതെ സ്ട്രോക്കിനുള്ള സാധ്യതയുണ്ട് -ഡോക്ടര്‍ ചൂണ്ടിക്കാട്ടി.