യാത്രകള്‍ക്ക് പുതിയ അനുഭവം പകരുകയാണ് അബുദാബി. ഇനി മുതല്‍ അബുദാബിയില്‍ ഊബറിന്റെ ഡ്രൈവറില്ലാ ടാക്സികള്‍ വരുന്നു.
ഊബര്‍ ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ഡ്രൈവറില്ലാ വാഹനങ്ങള്‍ ബുക്ക് ചെയ്ത് യാത്ര നടത്താനാകും. ചൈനയിലെ വീറൈഡ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. ഈവര്‍ഷം അവസാനത്തോടെ ഊബര്‍ ഉപഭോക്താക്കള്‍ക്ക് ഡ്രൈവറില്ലാത്ത ടാക്സികളും ബുക്ക് ചെയ്യാന്‍ സൗകര്യമൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആപ്പില്‍ വാഹനം ബുക്ക് ചെയ്യുന്നവര്‍ക്ക് വീറൈഡിന്റെ റോബാടാക്സി എന്ന സെല്‍ഫ് ഡ്രൈവിങ് വാഹനം കൂടി തെരഞ്ഞെടുക്കാന്‍ ഓപ്ഷനുണ്ടാകും. എത്ര ഡ്രൈവറില്ലാ ടാക്സികളാണ് സേവനത്തിനിറക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ വീറൈഡ് കമ്പനിക്ക് കഴിഞ്ഞവര്‍ഷം യു.എ.ഇ അനുമതി നല്‍കിയിരുന്നു. വിവിധ രാജ്യങ്ങളില്‍ ടാക്സി ബുക്കിങ് സേവനം നല്കുന്ന ഊബര്‍ ആദ്യമായാണ് ചൈനീസ് കമ്പനിയായ വീറൈഡുമായി കൈകോര്‍ക്കുന്നത്. അബൂദബി യാസ് ഐലന്റില്‍ നേരത്തേ ഡ്രൈവറില്ലാ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.