ജനപ്രിയ വെബ് ബ്രൗസറായ ക്രോമിലെ ഗുരുതരമായ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്രം. ക്രോം ഉപയോഗിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് സംഭവിച്ചേക്കാവുന്ന ഗുരുതരമായ അപകട സാധ്യതകളെ കുറിച്ചാണ് മുന്നറിയിപ്പില്‍ പറയുന്നത്.
ഗൂഗിള്‍ ക്രോമില്‍ ഒന്നിലധികം സുരക്ഷാ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഉപയോക്താക്കള്‍ക്ക് ഗുരുതരമായ ഭീഷണിയുയര്‍ത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ പിഴവുകള്‍ മുതലാക്കി ഹാക്കര്‍മാര്‍ക്ക് സിസ്റ്റം ക്രാഷ് ചെയ്യാനാകുമെന്നും ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം സിഇആര്‍ടി-ഇന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പില്‍ പറയുന്നു.
'പാസ്വേഡുകള് തോന്നിയപോലെ സൂക്ഷിക്കാനാകില്ല'; മെറ്റയ്ക്ക് 9.1 കോടി യൂറോ പിഴചുമത്തി യൂറോപ്യന്‍ യൂണിയന്
സുരക്ഷാ തകരാറുകള്‍ മൂലമുള്ള അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് ഏറ്റവും പുതിയ പതിപ്പിലേക്ക് ക്രോമിനെ അപ്ഡേറ്റ് ചെയ്യാനാണ് സിഇആര്‍ടിഇന്നും ഗൂഗിളും ശക്തമായി ശിപാര്‍ശ ചെയ്യുന്നത്. ഗൂഗിള്‍ അതിന്റെ ക്രോം ബ്രൗസറില്‍ ഈ കേടുപാടുകള്‍ പരിഹരിക്കുന്ന ഒരു അപ്ഡേറ്റ് ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ നിങ്ങള്‍ ഗൂഗിള്‍ ക്രോമിന്റെ 129.0.6668.70 അല്ലെങ്കില്‍ അതിന് ശേഷമുള്ള പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുകയും വേണം.
അതിനായി നിങ്ങളുടെ ക്രോം പതിപ്പ് പരിശോധിച്ച് അത് അപ്ഡേറ്റ് ചെയ്യാനായി ക്രോം ഓപ്പണ്‍ ചെയ്ത ശേഷം മുകളില്‍ വലത് ഭാഗത്ത് കാണുന്ന മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഹെല്‍പ്പ് ഓപ്ഷന് ക്ലിക്ക് ചെയ്യുക. അതില്‍ കാണുന്ന അപ്ഡേറ്റില്‍ ഗൂഗിള്‍ ക്രോം അപ്ഡേറ്റ് ക്ലിക്ക് ചെയ്യുക.