വിവാഹത്തിന് സ്വന്തം മകളെ പൊന്നു കൊണ്ട് മൂടണമെന്ന് ഏത് മാതാപിതാക്കളാണ് ആഗ്രഹിക്കാത്തത്. അതുവരെ തങ്ങളുടെ മുന്നില്‍ കുട്ടിയായിരുന്ന മകള്‍ വളര്‍ന്ന് മറ്റൊരു ജീവിതത്തിലേക്ക് പോകുന്ന മുഹൂര്‍ത്തത്തില്‍ മാതാപിതാക്കള്‍ മകള്‍ക്ക് വേണ്ടി കരുതി വയ്ക്കാത്ത ഒന്നും ഉണ്ടാകില്ല. മകളെ രാജകുമാരിയെ പോലെ തന്നെ മണ്ഡപത്തിലേക്ക് ഇറക്കണം എന്നാണ് പലരും കരുതുക. എന്നാല്‍ മകളെ പൊന്നില്‍ മുടാന്‍ ഒരു പിതാവ് ചെയ്ത കാര്യമാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്.
ഇതിനായി മകളുടെ വിവാഹത്തിന് സ്വര്‍ണസാരി തന്നെയാണ് ഒരു പിതാവ് നെയ്തെടുത്തത്. തെലങ്കാനയിലെ സിര്‍സില്ല സ്വദേശിയായ വിജയ് കുമാര്‍ എന്ന നെയ്ത്തുകാരനാണ് മകളുടെ വിവാഹത്തിന് സ്വര്‍ണസാരി നെയ്തത്.
18 ലക്ഷം രൂപ വിലമതിക്കുന്ന സാരിയാണ് വിജയ് കുമാര്‍ മകള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
കൈത്തറി നെയ്ത്തുകാര്‍ക്ക് പേരുകേട്ട സ്ഥലമാണ് തെലങ്കാനയിലെ സിര്‍സില്ല എന്ന ഗ്രാമം. ഗ്രാമത്തിലെ പ്രധാന വ്യവസായികളിലൊരാളാണ് വിജയ് കുമാര്‍. ആറ് മാസം മുമ്ബാണ് മകള്‍ക്കായി സ്വര്‍ണസാരി നിര്‍മിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.
സ്വര്‍ണനൂല്‍ തയാറാക്കിയ ശേഷം 12 ദിവസം കൊണ്ടാണ് സാരി നെയ്തെടുത്തത്. പൂര്‍ണമായും സ്വര്‍ണം കൊണ്ട് നിര്‍മിച്ച സാരിയ്ക്ക് അഞ്ചര മീറ്റര്‍ നീളമുണ്ട്. 200 ഗ്രാം സ്വര്‍ണമാണ് സാരിയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.
തന്റെ മകള്‍ക്ക് വേണ്ടി സ്വര്‍ണസാരി നിര്‍മിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് വിജയ് കുമാര്‍ പറഞ്ഞു. ഇത്തരമൊരു സാരി നെയ്യാന്‍ സാധിച്ചത് അഭിമാനകരമാണ്. നെയ്ത്തുകലയോടുള്ള തന്റെ അടങ്ങാത്ത താത്പര്യമാണ് ഇത് ചെയ്യാന്‍ കാരണമെന്നും നാളുകളായുള്ള തന്റെ സ്വപ്നമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു