ദുബൈ: ഇസ്രയേലില്‍ മിസൈല്‍ ആക്രമണവുമായി ഇറാന്. അമേരിക്കയുടെ മുന്നറിയിപ്പിനു പിന്നാലെയാണു നടപടി. ഇസ്രയേല്‍ നഗരമായ ടെല്‍ അവീവില്‍ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാന് ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു. നൂറുകണക്കിനു മിസൈലുകള്‍ അയച്ചെന്ന് ഇറാന് റവല്യൂഷനറി ഗാര്‍ഡ്സ് അവകാശപ്പെട്ടു.
മുഴുവന്‍ ജനങ്ങളോടും ബങ്കറുകളിലേക്ക് മാറാനായിരുന്നു നിര്‍ദേശം. ബെന്‍ ഗുരിയോണ്‍ ഉള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തി. വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചിട്ടു. റെയില്‍ ഗതാഗതവും നിര്‍ത്തി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും മണിക്കൂറുകള്‍ ബങ്കറുകളുടെ സുരക്ഷയില്‍ കഴിച്ചുകൂട്ടി. ഇറാന് തിരിച്ചടിക്കില്ലെന്ന കണക്കുകൂട്ടല്‍ തെറ്റിയതോടെ ഇനിയെന്ത് എന്ന വിഭ്രാന്തിയിലാണ് നെതന്യാഹുവും സൈനിക നേതൃത്വവും. മിസൈലുകള്‍ പലതും ലക്ഷ്യം കണ്ടതായി ഇറാന് അവകാശപ്പെട്ടു.
എന്നാല്‍, മിസൈല്‍ ആക്രമണം പരാജയമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും നെതന്യാഹുവും പറയുന്നു. ഇറാഖിലും ജോര്‍ദാനിലും യു.എസ് സെന്‍ട്രല്‍ കമാന്റ് ഇടപെടല്‍ മൂലം നിരവധി ഇറാന് മിസൈലുകള്‍ പ്രതിരോധിച്ചതായി പെന്റഗണ്‍ അറിയിച്ചു. അതേ സമയം സൈനിക കേന്ദ്രങ്ങളില്‍ പതിച്ച മിസൈലുകള്‍ വ്യാപക നാശനഷ്ടങ്ങളും ആളപായവും സൃഷ്ടിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതേക്കുറിച്ച് ഇസ്രായേല്‍ മൗനം പാലിക്കുകയാണ്. ഹിസ്ബുല്ല നേതാവ് ഹസന് നസ്റുല്ലയുടെയും ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെയും വധത്തിനുള്ള നിയമാനുസൃത തിരിച്ചടിയുടെ ആദ്യഘട്ടം മാത്രമാണിതെന്ന് ഇറാന് വ്യക്തമാക്കി. പ്രതികാരത്തിനു തുനിഞ്ഞാല്‍ ഇസ്രാായേലിനെതിരെ ഏതറ്റം വരെ പോകാനും സജ്ജമെന്ന് ഇറാന് പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നല്കി.