ദുബായ്: ദുബായില്‍ നിന്ന് ഇറാന്, ഇറാഖ്, ഇസ്രായേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്ക് താത്കാലികമായി നിര്‍ത്തലാക്കിയ ഫ്ലൈ ദുബായ് വിമാനങ്ങള്‍ ഇന്ന് പുനരാരംഭിക്കുമെന്ന് എയര്‍ലൈന്‍ വക്താവ് പറഞ്ഞു. മധ്യപൂര്‍വദേശത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് വിമാനങ്ങള്‍ റദ്ധാക്കിയിരുന്നത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ആവശ്യമെങ്കില്‍ ഫ്ലൈറ്റ് ഷെഡ്യൂള്‍ ഭേദഗതി ചെയ്യുമെന്നും അറിയിച്ചു.
റെഗുലേറ്റര്‍ അംഗീകരിച്ച വിമാന പാതകളില്‍ ഫ്ലൈ ദുബായ് സര്‍വീസ് നടത്തുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് കമ്പനി മുന്‍ഗണന നല്‍കുന്നുവെന്നും വ്യക്തമാക്കി. അതേസമയം, ദുബായുടെ മുന്‍നിര വിമാനക്കമ്പനിയായ എമിറേറ്റ്സ് ഇറാഖ് (ബസ്ര, ബാഗ്ദാദ്), ഇറാന് (ടെഹ്റാന്), ജോര്‍ദാന്‍ (അമ്മാന്) എന്നിവിടങ്ങളിലേക്കുള്ള എല്ലാ പതിവ് വിമാനങ്ങളും ശനിയാഴ്ച( 5) വരെ റദ്ദാക്കിയിട്ടുണ്ട്.
ഇറാഖ്, ഇറാന്, ജോര്‍ദാന്‍ എന്നിവിടങ്ങളിലേയ്ക്ക് ദുബായ് വഴി ട്രാന്‍സിറ്റ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്രാ തുടരാനാകില്ലെന്ന് എമിറേറ്റ്സ് പറഞ്ഞു. ബാധിക്കപ്പെട്ട യാത്രക്കാര്‍ മറ്റുവഴികള്‍ക്കായി അവരുടെ ബുക്കിങ് ഏജന്റുമാരെ ബന്ധപ്പെടണം. എമിറേറ്റ്സില്‍ നേരിട്ട് ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ കമ്പനിയെ ബന്ധപ്പെടണമെന്നും കൂട്ടിച്ചേര്‍ത്തു.