വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച നടന് മോഹന്‍രാജ് എന്ന കീരിക്കാടന്‍ ജോസ് അന്തരിച്ചു. ഇന്നലെ വൈകീട്ട് തിരുവനന്തപുരം കഠിനംകുളത്തെ വീട്ടില്‍ വെച്ച് 3 മണിയോടെയായിരുന്നു അന്ത്യം.
പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു അദ്ദേഹം. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. മലയാള സിനിമയിലെ എണ്ണംപറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹന്‍രാജ്, കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിന്റെ പേരിലാണ് അറിയപ്പെട്ടത്.
പ്രിയപ്പെട്ട കലാകാരന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇങ്ങനെ:
'കഥാപാത്രത്തിന്റെ പേരില്‍ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ്. കിരീടത്തിലെ കീരിക്കാടന്‍ ജോസ് എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയപ്പെട്ട മോഹന്‍രാജ് നമ്മെ വിട്ടുപിരിഞ്ഞു. സേതുവിന്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നില്‍ നില്ക്കുന്ന അദ്ദേഹത്തിന്റെ ഗാംഭീര്യം, ഇന്നലത്തെപ്പോലെ ഞാന്‍ ഓര്‍ക്കുന്നു. വ്യക്തിജീവിതത്തില്‍ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട,' എന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്.
മുന്നൂറോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനനിയിച്ചിട്ടുള്ള മോഹന്‍രാജ് എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറായിരുന്നു.
1988 ല്‍ കെ മധുവിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ മൂന്നാംമുറ എന്ന ഹിറ്റ് ചിത്രത്തിലൂടെ ആയിരുന്നു മോഹന്‍ രാജ് വെള്ളിത്തിരയില്‍ എത്തിയത്. കിരീടത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ അദ്ദേഹം ഇതേപേരില്‍ പിന്നീട് പ്രശസ്തനായി.
1988 ല്‍ പുറത്തിറങ്ങിയ മൂന്നാംമുറയാണ് ആദ്യ ചിത്രം. ഈ സിനിമയില്‍ ഒരു ഗുണ്ടയുടെ വേഷമായിരുന്നു മോഹന്‍രാജിന് ലഭിച്ചത്. രണ്ടാമത്തെ സിനിമയായിരുന്നു 1989 ല്‍ പുറത്തിറങ്ങിയ കിരീടം. 2022 ല്‍ മമ്മുട്ടി നായകനായി എത്തിയ റൊഷാക്ക് ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.