'നോക്കത്താ ദൂരത്ത് കണ്ണുംനട്ട്' എന്ന ചിത്രത്തില്‍ നായിക പറയുന്ന ഒരു ഡയലോഗുണ്ട്. അവര്‍ വെച്ചിരിക്കുന്ന സണ്‍ഗ്ലാസ്സിന്റെ പ്രത്യേകത കൊണ്ട് ആരെ നോക്കിയാലും നേക്കഡ് ബോഡിയായി കാണും എന്ന്. എന്നാലിതാ അത്തരത്തില്‍ ഒരു ഗ്ലാസ്സ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് അമേരിക്കയിലെ രണ്ട് യുവാക്കള്‍.
ഇവര്‍ വികസിപ്പിച്ച സണ്‍ഗ്ലാസിലൂടെ നോക്കുമ്പോള്‍ കാണുന്ന വ്യക്തികളുടെ പേരും വിലാസവുമെല്ലാം ലഭിക്കും. ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ ആര്ഡേഫിയോ, ഗൂയൈന് എന്നീ വിദ്യാര്‍ഥികള്‍ ആണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍.
മെറ്റയുടെ റേബാന്‍ സ്മാര്‍ട്ട് ഗ്ലാസുകളില്‍ മറ്റ് ചില സാങ്കേതിക വിദ്യകള്‍ കൂടി സംയോജിപ്പിച്ചാണ് ഇവര്‍ ഇത്തരമൊരു കണ്ടുപിടിത്തം അവതരിപ്പിക്കുന്നത്. സംഭവം വളരെ വെറൈറ്റിയാണെങ്കിലും ഈ കണ്ടുപിടുത്തത്തിന് നിരവധി വിമര്‍ശനങ്ങളാണ് വരുന്നത്. ഒരു വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇവരുടെ കണ്ടുപിടിത്തമെന്നാണ് വിമര്‍ശനത്തില്‍ പറയുന്നത്.
വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത മെറ്റയുടെ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉപയോഗിച്ച് ഒരുവ്യക്തിയുടെ മുഖത്ത് നോക്കിയാല്‍ ആ വ്യക്തിയുടെ പേര്, ഫോണ്‍ നമ്പര്‍, വീട്ടുവിലാസം, മറ്റ് വ്യക്തിഗത വിശദാംശങ്ങള്‍ എന്നിവ അറിയാന്‍ കഴിയും. മെറ്റാ സ്മാര്‍ട്ട് ഗ്ലാസുകളില്‍ ഫെയ്സ് സെര്‍ച്ച് എന്‍ജിനുകള്‍, പബ്ലിക് ഡാറ്റ ബേസ് എന്നിവ ഉപയോഗിച്ചാണ് ഇത് രൂപപ്പെടുത്തിയത്.
സണ്‍ഗ്ലാസ് ഉപയോഗിച്ച് ഒരു വ്യക്തിയെ നിരീക്ഷിക്കുമ്പോള്‍, ആ വ്യക്തിയുടെ ഇന്‍സ്റ്റാഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങള്‍ വേഗത്തില്‍ ലഭിക്കും. ഇന്‍സ്റ്റാഗ്രാം ലൈവ് സ്ട്രീം ഉപയോഗിച്ചുള്ള ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിലൂടെയാണ് ആളുകളുടെ വിവരങ്ങള്‍ ലഭ്യമാകുന്നത്. ഇതിനൊപ്പം ഫെയ്സ് ചെക്ക് ഐഡിപോലുള്ള ഓണ്‍ലൈന്‍ ടൂളുകള്‍ വഴിയും വ്യക്തിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ലഭ്യമാകും. സംഭവം വൈറലായതോടെ അമേരിക്കയില്‍ പലയിടത്തും വ്യാപകമായി ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്.