വിജയ്യുടെ അവസാന ചിത്രമായ 'ദളപതി 69'ന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നപ്പോള്‍ മലയാളി സിനിമാപ്രേമികള്‍ക്ക് ഏറെ സന്തോഷമുള്ള മറ്റൊരു കാര്യം കൂടി സംഭവിച്ചു. മലയാളത്തില്‍ നിന്നും മമിത ബൈജുവും നരേനും പ്രിയാമണിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഇപ്പോഴിതാ വിജയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മമിത. വിജയ്യുടെ ആരാധികയാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുള്ള നടി 'എ മൊമെന്റ്' എന്ന അടിക്കുറിപ്പോടെയാണ് നടനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
മമിതയുടെ പോസ്റ്റ് ഇതിനകം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടി കഴിഞ്ഞു. 'എ ഫാന്‍ ഗേള്‍ മൊമെന്റ്', 'വാഴ്ത്തുക്കള്‍ മമിത' എന്നിങ്ങനെ പോകുന്നു പോസ്റ്റിന് താഴെയുള്ള കമന്റുകള്‍. ഐശ്വര്യ ലക്ഷ്മി, അന്ന ബെന്‍, ആര്‍ഷ ബൈജു, അഖില ഭാര്ഗവന്, മാത്യു തോമസ് തുടങ്ങിയ സിനിമാതാരങ്ങളും പോസ്റ്റിന് കമന്റിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു മമിത സിനിമയുടെ ഭാഗമാകുന്നതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. മമിതയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 'മിനി മഹാറാണി മമിത ബൈജു ദളപതി 69 ന്റെ ഭാഗമാകുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു,' എന്നാണ് അണിയറപ്രവര്‍ത്തകര്‍ കുറിച്ചത്.
പിന്നാലെ പ്രേമലു എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ മമിത, വിജയ്ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം പങ്കുവെച്ചത് വൈറലാവുകയും ചെയ്തു. വിജയ് അഭിനയം നിര്‍ത്തുന്നു എന്ന് കേട്ടപ്പോള്‍ 'ഇനി വിജയ് സാറിന്റെ കൂടെ ആക്ടിങ് നടക്കില്ലല്ലോ' എന്നാണ് തന്റെ മനസ്സില്‍ ആദ്യം വന്ന ചിന്ത. വിജയ് സിനിമകള്‍ തിയേറ്ററുകളില്‍ ആഘോഷമാണ്. അത് മിസ് ചെയ്യും. ഗില്ലി മുതല്‍ താന്‍ ഒരു കട്ട ഫാനാണെന്നും മമിത അഭിമുഖത്തില്‍ പറയുന്നുണ്ട്.