ഭൂതത്താന്കെട്ടില് സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട്ടിലേക്ക് ഓടിക്കയറിയ 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് തെരച്ചില്‍ സംഘം ആനയെ കണ്ടെത്തിയത്.
ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യ പ്രശ്നങ്ങളോ ഒന്നുമില്ല. ആനയുടെ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയതെന്നും ആന ഉടമ പറഞ്ഞു. ആന ഉടമയുടെ വാക്കുകള്‍ ഇങ്ങനെ: 'ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യ പ്രശ്നങ്ങളോ ഒന്നുമില്ല. ആനയുടെ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയത്. ഭയന്നുപോയതു കൊണ്ടാണ് ഓടിയത്. മറ്റൊരു ആന രണ്ടു തവണ കുത്തി. നാടന്‍ സ്വഭാവമുള്ളത് കൊണ്ട് മനുഷ്യ സാമീപ്യമുള്ള സ്ഥലത്തേക്ക് ആന വരും. ഷൂട്ടിങ്ങ് കഴിഞ്ഞതിനാല്‍ ആനയെ തിരിച്ചു കൊണ്ടുപോവുകയാണ്'.
ഇന്നലെ ഷൂട്ടിങ് സെറ്റില്‍ ശാന്തനായി നിന്നിരുന്ന ആന പൊടുന്നനെ പരിഭ്രാന്തനായി കാട്ടിലേക്ക് ഓടുകയായിരുന്നു എന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ ആളുകള്‍ പറയുന്നത്. ഭൂതത്താന്‍കെട്ട് വനമേഖലയില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തിയത്. ആനകള്‍ ബഹളമുണ്ടാക്കുന്നതു കണ്ട് ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമ പ്രവര്‍ത്തകരുമടക്കം പരിഭ്രാന്തിയോടെ ഓടി രക്ഷപ്പെടുകയായിരുന്നെന്നും സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.
തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാട് കയറിയ പുതുപ്പള്ളി സാധുവിനായി ഇന്നലെ രാത്രി പത്ത് മണി വരെ വനപാലകര്‍ കാടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.