സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജപ്രചാരണത്തില്‍ പ്രതികരിച്ച് അന്തരിച്ച നടന് കൊല്ലം സുധിയുടെ ഭാര്യ രേണു. വിധവയാണെന്ന് പറഞ്ഞ് തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലേയെന്നും രേണു ചോദിച്ചു.
ഒന്നുകില്‍ ജീവിതം അവസാനിപ്പിക്കുമെന്നും അല്ലെങ്കില്‍ മറ്റൊരു വിവാഹം കഴിക്കുകയാണ് പ്രതിവിധിയെന്നാണ് രേണു വ്യക്തമാക്കിയിരിക്കുന്നത്. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു പ്രതികരണം.
വാഹനാപകടത്തില്‍ സുധി മരിച്ചതോടെ രേണുവിനെയും മക്കളെയും സഹായിക്കാന്‍ നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. അന്നുമുതല്ക്കേ രേണു നിരന്തരമായി സൈബര്‍ ആക്രമണം നേരിട്ടിരുന്നു. നല്ല വസ്ത്രമിട്ടാലും ചിരിച്ചുകൊണ്ട് റീല്‍ ചെയ്താലും നിരവധി വിമര്‍ശനങ്ങള്‍ രേണു നേരിട്ടിരുന്നു. ഇപ്പോഴിതാ സുധിയുടെ ആദ്യ വിവാഹത്തിലെ മകനെ രേണു വീട്ടില്‍ നിന്ന് ഇറക്കിവിട്ടുവെന്ന വ്യാജപ്രചാരണത്തിനെ തുടര്‍ന്നാണ് പ്രതികരിച്ചിരിക്കുന്നത്.
രേണുവിന്റെ വാക്കുകളിലേക്ക്
'ഒന്നിനും ഞാന്‍ ഇല്ല. എന്നാ തെറ്റാ ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാന്‍ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാന്‍ പറ്റില്ലേ? എല്ലാം കുറ്റമാ. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കില്‍ ജീവിതം അവസാനിപ്പിക്കും അല്ലേല്‍ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേള്‍ക്കാന്‍ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ല. വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്നാ ചെയ്താലും പറഞ്ഞാലും കുറ്റം.
ഞാന്‍ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവര്‍ തന്നെ കാരണം. ശരിക്കും മടുത്തിട്ട് തന്നെയാണ് സ്റ്റോറി ഇട്ടത്. അല്ലാതെ വേറെ കെട്ടാന്‍ മറ്റാരുടേയും സമ്മതം വേണ്ട എനിക്ക്. പക്ഷെ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല. എട്ടന് മരിച്ചതു കൊണ്ടല്ലേ ഞാന്‍ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം കുറ്റം. ഒന്നെങ്കില്‍ ഈ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കില്‍ വേറെ കെട്ടുക. മക്കളുടെ സമ്മതത്തോടെ അപ്പോള്‍ പിന്നെ ഈ പേര് അങ്ങ് തീര്‍ന്നു കിട്ടുമല്ലോ. അല്ലാതെ എന്ത് വഴിയാ വിധവ എന്നത് മാറാന്‍.'