ഓര്‍ഡര്‍ ചെയ്ത ബൂട്ടിന്റെ പാഴ്സല്‍ തുറന്ന് നോക്കിയതും യുവതി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയിലെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ സോഫിയ അലോണ്‍സോ ആണ് ഒരു പാഴ്സലിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ മുക്തയാവാത്തത്.
ഓര്‍ഡര്‍ ചെയ്തു കൊണ്ടുവന്ന പാഴ്സല്‍ തുറന്നു നോക്കിയ വിദ്യാര്‍ത്ഥിനി കണ്ടത് പേടിപ്പിക്കുന്ന കാഴ്ചയായിരുന്നു. ബൂട്ടിന്റെ പാഴ്സല്‍ തുറന്നപ്പോള്‍ അകത്ത് കണ്ടത് ജീവനുള്ള ഒരു തേളിനെ ആയിരുന്നു. ആദ്യം കരുതിയത് കളിപ്പാട്ടമാണെന്നാണെങ്കിലും പിന്നീടാണ് ഇത് ജീവനുള്ളതാണെന്ന് ഇവര്‍ മനസ്സിലാക്കുന്നത്.
ഈ സംഭവത്തെ കുറിച്ച് സോഫിയ പറയുന്നത് ഇങ്ങനെ: ഭയാനകം എന്നാണ് തന്റെ ഈ അനുഭവത്തെ അവള് വിശേഷിപ്പിക്കുന്നത്. ഒരു ജോഡി ബൂട്ടാണ് പാഴ്സലില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ബൂട്ട് എടുക്കുന്നതിന് മുമ്പ് തന്നെ തേള് കണ്ണില്‍ പെട്ടു. അത് ജീവനുള്ളതാണ് എന്ന് മനസിലായ അപ്പോള്‍ തന്നെ അവള് അലറിവിളിച്ചുകൊണ്ട് പാഴ്സല്‍ അതുപോലെ അടയ്ക്കുകയും കൂട്ടുകാരികളെ സഹായത്തിന് വിളിക്കുകയും ചെയ്തു.
പാക്കറ്റ് തുറന്നതേ ഓര്‍മ്മയുള്ളൂ. ചിലന്തികളേയും അതുപോലെയുള്ള ജീവികളേയും തനിക്ക് പേടിയില്ലാത്തതാണ് എന്നാലും ജീവനുള്ള ഒരു തേളിനെ കണ്ടപ്പോള്‍ പേടിച്ചുപോയി എന്നാണ് അലോണ്‍സോ പറയുന്നത്. അവളുടെ കൂട്ടുകാര്‍ അതിനെ ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിലേക്ക് മാറ്റുകയായിരുന്നു. പിന്നീട്, നാഷണല്‍ സെന്റര്‍ ഫോര്‍ റെപ്റ്റൈല്‍ വെല്‍ഫയറില്‍ വിളിക്കുകയും ചെയ്തു.
എന്നാല്‍ ചൈനീസ് ഫാസ്റ്റ് ഫാഷന്‍ ബ്രാന്‍ഡാണ് ഷെയ്ന് ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ് എന്നാണ് കമ്പനി വക്താവ് പറഞ്ഞത്. സാധാരണ ഇങ്ങനെ സംഭവിക്കാറില്ല എന്നും വിഷയത്തില്‍ അലോണ്‍സോയോട് സംസാരിച്ച് പ്രശ്നം പരിഹരിക്കാന്‍ വേണ്ടത് ചെയ്യുന്നുണ്ട് എന്നും ഷെയ്നില് നിന്നും പറയുന്നു.