ഇന്നലെയായിരുന്നു നടന് പൃഥ്വിരാജിന്റെ പിറന്നാള്‍. പലയിടത്ത് നിന്നാണ് പിറന്നാള്‍ ആശംസകള്‍ താരത്തെ തേടി എത്തയത്. താര രാജാക്കന്മാര് അടക്കം നിരവധി പേരാണ് പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. കൂട്ടത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും എത്തിയിരുന്നു. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിന്റെ ആശംസകളും അതിന് പൃഥ്വിയുടെ കമന്റുമാണ് വൈറലാകുന്നത്.
'ഹാപ്പി ബര്‍ത്ത് ഡേ രാജു, ഇനിയും ഒത്തിരി മനോഹരനിമിഷങ്ങളും നാഴികക്കല്ലുകളും നിങ്ങളെ തേടിയെത്തട്ടെ' എന്നായിരുന്നു ആന്റണിയുടെ പോസ്റ്റ്. പൃഥ്വിയെ ചേര്‍ത്തുപിടിച്ച് ചിരിച്ച് നില്ക്കുന്നൊരു ഫോട്ടോയും ആന്റണി പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്. ഈ പോസ്റ്റിന് നന്ദി പറഞ്ഞെത്തിയ പൃഥ്വിരാജ് 'ആ ഹെലികോപ്ടറിന്റെ കാര്യം... ' എന്ന് കൂടി ആന്റണിയോട് സൂചിപ്പിച്ചു. ഇതോടെ കമന്റ് ബോക്സ് നിറയെ രാജുവേട്ടന് ആ ഹെലികോപ്റ്ററങ്ങ് കൊടുക്കാന്‍ പറഞ്ഞുള്ള ബഹളവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ഇതേക്കുറിച്ചുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എല്ലാം എമ്പുരാന് വേണ്ടിയല്ലേ, കാശ് ഇറക്കി കളിക്കൂ... രാജുവേട്ടന് ഒരു ആഗ്രഹം പറഞ്ഞാല്‍ ആന്റണി ചേട്ടനത് ചെയ്തിരിക്കും.. എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്. സിനിമയുടെ ചിത്രീകരണത്തിനായി ഹെലികോപ്ടറിന്റെ ആവശ്യമുണ്ടെന്ന് സംവിധായകന് നിര്‍മാതാവിനെ ഓര്‍മ്മിപ്പിച്ചത് ഇങ്ങനെയായിരുന്നു. പൃഥ്വി പുതിയതായി സംവിധാനം ചെയ്യുന്ന എമ്പുരാന്റെ നിര്‍മ്മാതാവാണ് ആന്റണി പെരുമ്പാവൂര്‍. നിലവില്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമ അടുത്ത വര്‍ഷം തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.