പ്രിയപ്പെട്ട താരങ്ങളെ ഒരു നോക്ക് കാണാന്‍ എന്ത് ത്യാഗവും സഹിക്കുന്നവരുണ്ട്. എന്നാല്‍ ഇവിടെ ഒരു ആരാധകന് ചെയ്തത് അല്പം കടന്നകൈ തന്നെയാണ്. പ്രിയതാരം അല്ലു അര്‍ജുനെ കാണാന്‍ ആരാധകര്‍ ചെയ്ത കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തന്റെ പ്രിയതാരത്തെ കാണാന്‍ ഒരു ആരാധകര്‍ താണ്ടിത് 1600 കിലോമീറ്ററിലധികം ദൂരമാണ്, അതും സൈക്കിളില്‍. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ നിന്ന് ഹൈദരാബാദിലേക്ക് സൈക്കിളിലാണ് ആരാധകന് അലിഗഡ് സ്വദേശി മോഹിത് എത്തിയത്. അവിശ്വസനീയമായ ഈ യാത്രയാണ് അല്ലുവിനെയും സോഷ്യല്‍ മീഡിയേയും ഞെട്ടിച്ചിരിക്കുന്നത്.
ഇത്രയും ദൂരം താണ്ടി എത്തിയ ആരാധകനെ സ്നേഹപൂര്‍വം തന്നെയാണ് അല്ലു അര്ജുന് സ്വീകരിച്ചത്. ഉത്തരേന്ത്യയില്‍ നിന്ന് എങ്ങനെയാണ് ഹൈദരാബാദില്‍ എത്തിയതെന്ന് ചോദിച്ച് അറിയുന്ന താരത്തിന്റെ ഞെട്ടലും വിഡിയോയില്‍ കാണാം. ഉടനെ, സൈക്കിളില്‍ എത്തിയ മോഹിത്തിന്റെ മടക്കയാത്ര ഫ്ലൈറ്റിലാക്കാനുള്ള നിര്‍ദേശവും തന്റെ ടീമിന് താരം നല്കി.
തിരികെ സൈക്കിളില്‍ മടങ്ങരുതെന്നും ആരാധകനോട് അല്ലു നിര്‍ദേശിക്കുന്നുണ്ട്. മോഹിത് വിനയത്തോടെ ആദ്യം നിരസിച്ചെങ്കിലും അല്ലു അര്‍ജുന്റെ സ്നേഹനിര്ബന്ധത്തിനൊടുവില് അതിനു വഴങ്ങി. അല്ലു അര്‍ജുനെ നേരില്‍ കാണണമെന്നത് തന്റെ സ്വപ്നമായിരുന്നു എന്നാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലൂടെ മോഹിത് പറഞ്ഞു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആരാധകരോടുള്ള താരത്തിന്റെ പെരുമാറ്റത്തെ പുകഴ്ത്തിയും മോഹിതിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നും നിരവധി പേരാണ് കമെന്റുമായി വിഡിയോയില്‍ എത്തിയത്. പുഷ്പ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ താരത്തിന് ഇന്ത്യയിലുടനീളം നിരവധി ആരാധകരുണ്ട്.