അടുത്ത് നില്ക്കുന്ന ആളെ പോലും കാണാത്ത പോലെ സൗദിയില്‍ മൂടല്‍ മഞ്ഞ് ആരംഭിച്ചു. സൗദിയില്‍ തണുപ്പ് കാലത്തിന് മുന്നോടിയായി ജിസാന്‍, അസീര്‍, അല്‍ബാഹ മേഖലകളിലും മക്കയുടെ തെക്കന്‍ പ്രദേശങ്ങളിലും കിഴക്കന്‍ പ്രവിശ്യയിലും മൂടല്‍ മഞ്ഞ് രൂപപ്പെട്ടിരിക്കുന്നത്.
മാത്രമല്ല ഇവിടങ്ങളില്‍ ആലിപ്പഴം പെയ്യുന്നതിനും ദൂരകാഴ്ചയക്ക് തടസ്സമുണ്ടാക്കുന്ന തരത്തില്‍ കാറ്റ് വീശാനും സാധ്യതയുള്ളതായും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അല്‍ ജൗഫ്, വടക്കന്‍ പ്രദേശങ്ങളുടെ അതിര്‍ത്തികള്‍, ഹായില്‍, ഖസിം, മദീന എന്നിവിടങ്ങളില്‍ ഇടിമിന്നലിന്റെ അകടമ്പടിയോടെ പൊടിശല്യമുയര്‍ത്തുന്ന കാറ്റും വീശുന്നതിനും സാധ്യതയുണ്ട്. കിഴക്കന്‍ പ്രവിശ്യയില്‍ മൂടല്‍ മഞ്ഞ് കാഴ്ച മറച്ചതിനാല്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു. വരും ദിവസങ്ങളില്‍ അര്‍ധ രാത്രി മുതല്‍ പുലര്‍ച്ചെ വരെ മൂടല്‍ മഞ്ഞുണ്ടാകാന്‍ സാധ്യതയുണ്ട്. ജുബൈല്‍ - ദമാം ഹൈവേയില്‍ സെക്കന്റ് ഇന്‍ഡ്രസ്ട്രിയില്‍ ഏരിയയിലേക്ക് കയറാനുള്ള വളവില്‍ റോഡിലെ കാഴ്ച മറച്ച കനത്ത മൂടല്‍ മഞ്ഞ് മൂലം നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ദിവസം കൂട്ടിയിടിച്ചത്.
സമൂഹ മാധ്യമങ്ങളിലടക്കം അപകടത്തിന്റെയും മൂടല്‍ മഞ്ഞിന്റെയും ദൃശ്യങ്ങളും വിഡിയോയുമൊക്കെ ഇതുവഴി സഞ്ചരിക്കുന്നവര്‍ സുരക്ഷാ മുന്‍കരുതലെന്ന നിലയ്ക്ക് പങ്കുവച്ചിരുന്നു.അതുപോലെ അല്‍ഹസ-അബ്ഖെയ്ഖ് റോഡിലും മൂടല്‍മഞ്ഞുമൂലം സമാനരീതിയില്‍ വാഹനാപകടം ഉണ്ടായതായി സമൂഹ മാധ്യമങ്ങളില്‍ പറയപ്പെടുന്നു.