ചെറിയൊരു ഇടവേളയ്ക്കുശേഷം യുകെ മലയാളികളിൽ നടുക്കവും വേദനയും ഉളവാക്കി വീണ്ടും രണ്ട് അപ്രതീക്ഷിത മരണങ്ങൾ നടന്നു. വൂസ്റ്ററിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെയാണ് താമസസ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കോട്ടയം പുതുപ്പള്ളി സ്വദേശി നൈതിക് അതുൽ ഗാല എന്ന യുവാവിനെ രാത്രി ഉറങ്ങാൻ കിടന്നശേഷം മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
പതിവ് സമയമായിട്ടും രാവിലെ താമസസ്ഥലത്തെ റൂമിൽ നിന്നും നൈതിക് പുറത്തു വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം പുറത്തറിഞ്ഞത്. ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്നശേഷമാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
യൂണിവേഴ്സിറ്റി ഓഫ് വൂസ്റ്ററിലെ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിയാണ്. നൈതിക്. മുംബൈയില്‍ ജോലിചെയ്യുന്ന കോട്ടയം പുതുപ്പള്ളി സ്വദേശിനിയുടെ മകനാണ്.
സംശയാസ്പദ മരണത്തിന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
വർഷങ്ങളായി യുകെയിലെ സാമൂഹിക - അസ്സോസിയേഷൻ പ്രവർത്തനങ്ങളിൽ നിറഞ്ഞുനിൽക്കുകയും എന്നാൽ ചില ജീവിതപ്രശ്നങ്ങൾ മൂലം ഏതാനും വര്‍ഷങ്ങളായി തനിച്ച് കഴിയുകയുമായിരുന്ന തൃശൂര്‍ മാള വടമ സ്വദേശി ബൈജു കൊടിയനെയാണ് ന്യൂപോർട്ടിലെ താമസസ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ബൈജു കൊടിയൻ താമസിച്ചിരുന്ന ഫ്ലാറ്റില്‍ മരിച്ചുകിടന്നിട്ടും ആദ്യദിവസങ്ങളിൽ ആരും അറിഞ്ഞില്ല. പിന്നീട് ചില അയൽക്കാർ സംശയംതോന്നി നടത്തിയ അന്വേഷണത്തിൽ മരിച്ചുകിടക്കുന്നത് കണ്ടെത്തുകയായിരുന്നു.
ആദ്യകാലങ്ങളില്‍ സാമൂഹ്യ രംഗങ്ങളിലും സംഘടനാ പ്രവർത്തനങ്ങളിലും മറ്റും മറ്റും സജീവ സാന്നിധ്യമായിരുന്നു ബൈജു കൊടിയൻ. കേരള കാത്തലിക് അസോസിയേഷന്റെയും മറ്റും പ്രവര്‍ത്തങ്ങളില്‍ എപ്പോഴും ബൈജുവിനെ മുൻ നിരയിൽ കാണാമായിരുന്നു.
ദുരൂഹ മരണത്തെ തുടര്‍ന്നുള്ള അന്വേഷണങ്ങൾ പോലീസ് നടത്തിവരുന്നു. ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ ഇല്ലാത്തതിനാൽ സംസ്കാരം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല.