എവിടേക്കെങ്കിലും യാത്ര പറഞ്ഞ് പോകുമ്പോള്‍ സ്വാഭാവികമായി പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യുക എന്നത് ഒരു പതിവാണ്. പ്രത്യേകിച്ച് ഈ കാഴ്ച കാണുന്നത് എയര്‍പോര്‍ട്ടിലായിരിക്കും. പക്ഷെ ആ പതിവ് വേണ്ടെന്ന് പറയുകയാണ് ഒരു എയര്‍പോര്‍ട്ട്. ആലിംഗനത്തിന് സമയപരിധി നിശ്ചയിച്ച ഒരു എയര്‍പോര്‍ട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച വിഷയം.
ന്യൂസിലന്‍ഡിലെ ഡുനെഡിന്‍ എയര്‍പോര്‍ട്ടിലാണ് ഇത്തരം നിയന്ത്രണം. ഈ എയര്‍പോര്‍ട്ടില്‍ പരമാവധി ആലിംഗന സമയം 3 മിനിറ്റ് എന്ന് ബോര്‍ഡും വെച്ചിട്ടുണ്ട്. കൂടുതല്‍ സമയം യാത്ര പറയാന്‍ ആഗ്രഹിക്കുന്നവര്‍ കാര്‍ പാര്‍ക്ക് ഏരിയ ഉപയോഗിക്കണമെന്നും അധികൃതരുടെ നിര്‍ദ്ദേശമുണ്ട്. വളരെ വിചിത്രമായ നിര്‍ദ്ദേശമാണ് ഇവിടെ നല്‍കിയിരിക്കുന്നത്.
ഡുനെഡിന്‍ എയര്‍പോര്‍ട്ട് സിഇഒ ഡാനിയല്‍ ഡി ബോണോ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ മൂന്ന് മിനിറ്റിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരുന്നു. വിമാനത്താവളങ്ങള്‍ ''വൈകാരിക ഹോട്ട്സ്പോട്ടുകള്‍'' ആണ്. 20 സെക്കന്‍ഡ് ആലിംഗനത്തിന് ''സ്നേഹ ഹോര്‍മോണായ'' ഓക്സിടോസിന്‍ പുറപ്പെടുവിക്കാന്‍ കഴിയും. ആളുകള്‍ കൂടുതല്‍ നേരം അവിടെ നിന്നാല്‍ സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടാകും. കൂടുതല്‍ യാത്രക്കാര്‍ക്ക് യാത്ര പറയാന്‍ സ്ഥലവും സമയവും ലഭിക്കുമെന്നും ഡി ബോണോ കൂട്ടിച്ചേര്‍ത്തു.
ഡുനെഡിന്‍ എയര്‍പോര്‍ട്ടിന്റെ പാര്‍ക്കിംഗ് സ്ഥലം 15 മിനിറ്റ് സൗജന്യ പാര്‍ക്കിംഗ് അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു, വര്‍ഷങ്ങളായി ഞങ്ങളുടെ ടീം രസകരമായ ചില കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും ഡാനിയല്‍ പറഞ്ഞു.