യുവ തലമുറ ഏറെ ഉപയോഗിക്കുന്ന ഒന്നാണ് ഇന്‍സ്റ്റഗ്രാം. അതിനാല്‍ തന്നെ നിരവധി ചൂഷണങ്ങളും ഇവിടെ ഉണ്ട്. അതില്‍ പ്രധാനമാണ് ലൈംഗിക ചൂഷണം. ഇപ്പോഴിതാ അത്തരത്തിലുള്ള ലൈംഗിക ചൂഷണത്തിന് തടയിടുകയാണ് ഇന്‍സ്റ്റഗ്രാം.
'സെക്സ്റ്റോര്ഷന്' അഥവാ സാമ്പത്തിക ലക്ഷ്യം വച്ച് നടത്തുന്ന ലൈംഗികചൂഷണം തടയിടുകയാണ് ഇന്‍സ്റ്റഗ്രാം. നിരവധി പരാതികള്‍ ഇത്തരത്തില്‍ ഉയര്‍ന്നതിനാലാണ് ഇന്‍സ്റ്റഗ്രാമിന്റെ ഈ തീരുമാനം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയടക്കം ഇത്തരത്തില്‍ ചൂഷണം ചെയ്യുന്ന വന്‍ തട്ടിപ്പ് സംഘം ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകളെ തടയുക എന്ന ലക്ഷ്യത്തിലാണ് പുതിയ അപ്ഡേറ്റുമായി ഇന്‍സ്റ്റഗ്രാം എത്തുന്നത്.
കൗമാരക്കാര്‍ക്കായി ടീന്‍ അക്കൗണ്ട് എന്ന പ്രത്യേക സുരക്ഷാസംവിധാനം ഇന്‍സ്റ്റഗ്രാം നേരത്തെ തന്നെ ഒരുക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണിപ്പോള്‍ പുതിയ ഫീച്ചറുകളും എത്തുന്നത്. ഇനി മുതല്‍ ഇന്‍സ്റ്റഗ്രാം വഴി അയക്കുന്ന ചിത്രങ്ങളുടെ സ്ക്രീന്‍ഷോട്ടോ, വീഡിയോകളുടെ സ്ക്രീന്‍ റെക്കോര്‍ഡിങ്ങുകളോ സാധ്യമാകില്ല. ഒറ്റ തവണ മാത്രം കാണാന്‍ സാധിക്കുകയും റിപ്ലേ ചെയ്യാന്‍ പറ്റുകയും ചെയ്യുന്ന ഓപ്ഷനും പുതിയ അപ്ഡേറ്റില്‍ ഉണ്ടായിരിക്കും.
പുതുതായി ആരംഭിക്കുന്ന അക്കൗണ്ടുകള്‍, സംശയകരമായ രീതിയിലുള്ള അക്കൗണ്ടുകള്‍ എന്നിവയില്‍ നിന്ന് കൗമാരക്കാര്‍ക്ക് റിക്വസ്റ്റ് അയക്കുന്നതിലും നിയന്ത്രണങ്ങളേര്‍പ്പെടുത്താനുള്ള നടപടികളും ഇന്‍സ്റ്റഗ്രാം സ്വീകരിക്കും.