വാഷിംഗ്ടണ്‍ : യു.എസിലെ മാന്‍ഹട്ടനിലുള്ള ഹഡ്‌സണ്‍ യാര്‍ഡ്‌സില്‍ സ്ഥിതി ചെയ്യുന്ന 150 അടി ഉയരമുള്ള 'ദ വെസല്‍' ആത്മഹത്യ ചെയ്യുന്നവരുടെ പ്രധാന ഇടമായി മാറിയതോടെ പുതിയ തീരുമാനം.
പുത്തന്‍ സുരക്ഷാ സജ്ജീകരണങ്ങളോടെ ആണ് ഇന്ന് മുതല്‍ വെസലിലേക്ക് സന്ദര്‍ശകരെ അനുവദിക്കുക. സ്റ്റീല്‍ സുരക്ഷാ വേലികള്‍ സ്ഥാപിച്ച മുകള്‍ ഭാഗങ്ങള്‍ വരെ മാത്രമേ സന്ദര്‍ശകരെ അനുവദിക്കൂ. വെസലിന്റെ ഏറ്റവും മുകള്‍ ഭാഗം അടഞ്ഞുകിടക്കും. സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് നിര്‍ബന്ധമാണ്.
150 അടി ഉയരമുള്ള 'ദ വെസല്‍' നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ 2021 ജനുവരിയിലാണ് ഇവിടം താത്കാലികമായി അടച്ചത്. 15 നിലകളോട് കൂടിയ ചെമ്പ് പൊതിഞ്ഞ കെട്ടിടം 2019 മാര്‍ച്ചിലാണ് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തത്. തോമസ് ഹീതെര്‍വിക്ക് എന്ന ബ്രിട്ടീഷുകാരന്‍ ഡിസൈന്‍ ചെയ്ത സ്‌പൈറല്‍ സ്റ്റെയര്‍കേയ്‌സ് ആകൃതിയിലുള്ള ഈ കെട്ടിടത്തില്‍ 154 പടിക്കെട്ടുകളും 2500 പടികളും 80 ലാന്‍ഡിംഗുകളുമുണ്ട്.
2020 ഫെബ്രുവരിയില്‍ ഇവിടെ സന്ദര്‍ശനത്തിനെത്തിയ ന്യൂജേഴ്‌സി സ്വദേശിയായ 19 കാരന്‍ താഴേക്ക് ചാടി മരിച്ചിരുന്നു. കെട്ടിടത്തില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. 2020 ഡിസംബര്‍ 22ന് 24 വയസുള്ള ബ്രൂക്ക്ലിന്‍ സ്വദേശിനിയും 2021 ജനുവരി 11ന് ടെക്‌സസ് സ്വദേശിയായ 21 കാരനും വെസലില്‍ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു.