ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ദലിത് വിദ്യാര്‍ത്ഥിക്ക് നേരം ആക്രമണം. ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആണ് ദലിത് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം ഉണ്ടായത്. 16 വയസ്സുള്ള കുട്ടിയെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
കുട്ടിയോട് മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ഒരു സംഘം എത്തി ജയശ്രീ റാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് പറയുന്നത്. ഇത് അനുസരിക്കാത്ത പക്ഷം കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു. മാത്രമല്ല ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ ഭാരതീയ ന്യായ് സംഹിത, പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
ബി.ആര് അംബേദ്കറുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് കണ്ടതിനു പിന്നാലെയാണ് ദലിത് വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടിയെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ മര്‍ദിച്ചതെന്ന് ഘതംപൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ രഞ്ജീത് കുമാര്‍ പറഞ്ഞു.
തുടര്‍ന്ന് 'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിച്ചു. ഇതിന്റെ വീഡിയോ അക്രമികള്‍ തന്നെ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തുവെന്നും എസിപി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.