വധ ഭീഷണി നിലനില്‍ക്കുമ്പോഴാണ് കനത്ത സുരക്ഷയില്‍ കഴിഞ്ഞ ദിവസം ബിഗ്ബോസ് സീസണ് 18 വീക്കന്റ് എപ്പിസോഡിന്റെ ചിത്രീകരണത്തിനായി സല്മാന് ഖാന് എത്തിയത്. അത് വലിയൊരു വാര്‍ത്തയായിരുന്നു. ഈ വീക്കെന്റില്‍ എത്തില്ലെന്ന് പ്രതീക്ഷിച്ചെങ്കിലും താരം എത്തിയത് ആരാധകര്‍ക്കും ആശ്വാസമായിരുന്നു.
തുടരെയുള്ള ഭീകരരുടെ വധഭീഷണിക്കിടയിലും വന്‍ സുരക്ഷാ സന്നാഹങ്ങളോടെ താരം സെറ്റിലെത്തിയത്. നടന്റെ അടുത്ത സുഹൃത്തും മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് ശേഷം, താരത്തിന് വൈ പ്ലസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ വീക്കെന്റ് എപ്പിസോഡിനിടെ ബിഗ്ബോസിലെ മത്സരാര്‍ത്ഥികളോട് സല്മാന് ഖാന് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.
''സത്യം പറയട്ടെ, ഞാനിപ്പോള്‍ കടന്നുപോവുന്ന മാനസികാവസ്ഥ എന്താണെന്ന് പറഞ്ഞു തരാന്‍ കഴിയില്ല, എന്തായിരുന്നാലും, ഞാന്‍ അത് നേരിട്ടേ മതിയാവൂ... ഞാന്‍ ജീവിതത്തില്‍ ഇത്രയും ദുഷ്കരമായ അവസ്ഥയിലൂടെ കടന്നുപോവുമ്പോഴും ഇവരുടെ നിസാര വഴക്കുകള്‍ നേരിടേണ്ടിവരുന്നു. ഇന്ന് ഞാനിവിടെ വരാന്‍ പാടില്ലായിരുന്നുവെന്ന് തോന്നുന്നു. എങ്കിലും ഇതൊരു കമ്മിറ്റ്മെന്റ് ആണ്. അതുകൊണ്ടാണ് ഇന്ന് ഇവിടെ എത്തിയത്....'' എന്നാണ് ബിഗ് ബോസ് മത്സരാര്‍ത്ഥിയും നടനുമായ ശില്‍പ്പ ഷിരോദ്കറിനോട് സല്മാന് ഖാന് പറഞ്ഞത്.
ബിഗ് ബോസിന്റെ ഈ ആഴ്ചയിലെ എപ്പിസോഡിലുടനീളം താരം അല്‍പ്പം ഗൗരവത്തിലാണ് നിന്നത്. തനിക്കെതിരെ നിരന്തരമായി വരുന്ന വധഭീഷണിയും അടുത്ത സുഹൃത്തിന്റെ മരണവും താരത്തെ വളരെ അസ്വസ്ഥനാക്കിയിട്ടുണ്ടെന്നാണ് താരത്തിനോട് അടുപ്പമുള്ളവര്‍ പറയുന്നത്.
അതിനിടെ സല്മാന് ഖാനോട് വിവാഹാഭ്യര്‍ത്ഥന നടത്തിക്കൊണ്ട് നടന് ചാഹത്ത് പാണ്ഡേ, അന്തരീക്ഷം അല്‍പ്പം തണുപ്പിച്ചിരുന്നു. കരണ്‍വീര്‍ മെഹറയുടെ ശരീരത്തിക്കുറിച്ച് പ്രശംസിക്കുന്നതിനിടെ, ''സര് താങ്കള്‍ എന്നെ വിവാഹം കഴിക്കാമോ...'' എന്ന് ചാഹത്ത് സല്മാന് ഖാനോട് ചോദിച്ചു. ''താങ്കള്‍ പറഞ്ഞ ഗുണങ്ങള്‍ ഒന്നും എനിക്കില്ല. മാത്രമല്ല, നിങ്ങളുടെ അമ്മയുമായി ഞാന്‍ ഒരിക്കലും പൊരുത്തപ്പെടില്ല...'' എന്നാണ് അതിന് സല്മാന് ചിരിച്ച മുഖത്തോടെ മറുപടി പറഞ്ഞത്.