വാട്സ്ആപ്പില്‍ വരുന്ന ഓരോ അപ്ഡേഷനും ഓരോ തവണയും എല്ലാവരെയും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പുതിയ അപ്ഡേഷനും അത്തരത്തില്‍ ഞെട്ടിച്ചു കഴിഞ്ഞു. ഇന്റെര്നെറ്റില്ലാതെയും ഫോട്ടോയും ഫയലുകളും പരസ്പരം അയയ്ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്.
നിശ്ചിത ദൂരത്തിലുള്ള ഡിവൈസുകളിലേക്ക് ഫയലുകള്‍ അയയ്ക്കുന്ന 'പീപ്പിള്‍ നിയര്‍ബൈ' ഫീച്ചറാണ് പുതിയ ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. എക്സന്‍ഡര്‍, ഷെയര്‍ ഇറ്റ് മുതലായ ആപ്പുകള്‍ ജനപ്രിയമായത് ഈ ഫീച്ചറുകളിലൂടെയായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നം മുന്‍നിര്‍ത്തി ഈ ആപ്പുകള്‍ നിരോധിച്ചിരുന്നു. നിലവില്‍ ടെലിഗ്രാമാണ് വലിയ ഫയലുകള്‍ കൈമാറുന്നതിനായി ഉപയോഗിച്ചു വരുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് ഇല്ലാതെ ടെലിഗ്രാം വഴി ഫയലുകള്‍ അയയ്ക്കാന്‍ സാധിക്കില്ല.
അതേസമയം, വെളിച്ചം കുറവുള്ള സ്ഥലങ്ങളിലും വീഡിയോ കോളുകള്‍ ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വാട്സാപ്പ് അവതരിപ്പിച്ചിരുന്നു. ലോ ലൈറ്റ് മോഡ് ഫീച്ചര്‍ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ലൈറ്റ് ഇല്ലാത്തപ്പോള്‍ വീഡിയോ കോളില്‍ വ്യക്തമായി മുഖം കാണാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് ആശയവിനിമയം കൂടുതല്‍ എളുപ്പമാക്കാന്‍ സഹായിക്കുന്നുവെന്നും അധികൃതര്‍ അവകാശപ്പെടുന്നു.
പുതിയ വാട്സാപ്പ് അപ്ഡേറ്റ് ചെയ്യുമ്പോള്‍ ഈ സേവനം ലഭ്യമാകും. വീഡിയോ കോള്‍ ചെയ്യുമ്പോള്‍ ഇന്റര്‍ഫെയ്സിന്റെ വലതുവശത്ത് മുകളിലുള്ള ബള്‍ബ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താം. വെളിച്ചമില്ലാത്തപ്പോള്‍ ഓണ്‍ ചെയ്യാനും പിന്നീട് ഓഫ് ചെയ്യാനും ഇതില്‍ സൗകര്യം ഉണ്ട്.