സാധാരണ നടക്കുന്നതില്‍ നിന്നും വ്യത്യസ്തമായ സംഭവം ആണ് ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നടന്നിരിക്കുന്നത്. ഭാര്യയുടെ മദ്യപാനത്തില്‍ പരാതിയുമായി എത്തിയിരിക്കുകയാണ് ഭര്‍ത്താവ്.
ഭാര്യയുടെ ശല്യം സഹിക്കാന്‍ വയ്യാ എന്ന് പറഞ്ഞ് പരാതിയുമായി യുവാവ് എത്തിയത്. ഫാമിലി കൗണ്‍സിലിംഗ് സെന്ററില്‍ കൗണ്‍സിലിംഗിനിടെയാണ് യുവാവ് ഇക്കാര്യം പുറത്ത് പറഞ്ഞത്. യുവാവിന്റെയും ഭാര്യയുടേയും പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഭാര്യ നിരന്തരം മദ്യപിക്കാന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെ യുവാവ് ഭാര്യയെ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. ഇതിന് പിന്നാലെ ഭാര്യ യുവാവ് ഉപേക്ഷിച്ചതായി കാണിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയും കൗണ്‍സിലിംഗ് ചെയ്തതും. അപ്പോഴാണ് ഭാര്യ തന്നെ ദിവസവും മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്ന സത്യം യുവാവ് വെളിപ്പെടുത്തിയത്.
മദ്യത്തോട് അത്ര താല്പര്യമില്ലാത്ത ആളാണ് താന്‍. ഭാര്യ ദിവസവും മദ്യപിക്കും. കൂടാതെ തന്നെ മദ്യപിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. ഒരേസമയം തന്നെ ഭാര്യ മൂന്നും നാലും പെഗ് കഴിക്കുമെന്നും യുവാവ് പറഞ്ഞു. ഭാര്യയാണെങ്കില്‍ യുവാവിന്റെ ആരോപണങ്ങളെല്ലാം സത്യമാണ് എന്ന് കൗണ്‍സിലറോട് സമ്മതിക്കുകയും ചെയ്തു.
രണ്ട് മാസം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ആദ്യമായി സംസാരിച്ചപ്പോള്‍ തന്നെ യുവതി മദ്യപിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു എന്നും എന്നാല്‍ ദിവസവും കുടിക്കുമെന്ന് അറിയില്ലായിരുന്നു എന്നും യുവാവ് പറഞ്ഞു.