കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് ഒരാഴ്ച തികയുകയാണ്. നവീനിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ആത്മഹത്യയെന്ന് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ശരീരത്തില്‍ മറ്റു മുറിവുകളോ അടയാളങ്ങളോ ഇല്ല. എന്നാല്‍ മരണസമയം കൃത്യമായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. എന്നാല്‍ ബന്ധുക്കള്‍ക്ക് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. യാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യ ആരോപണം ഉന്നയിച്ചതിനു ശേഷം നവീന്‍ബാബു ആകെ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.
ആത്മഹത്യ ചെയ്ത സമയം വ്യക്തമല്ലെങ്കിലും നവീന്‍ ബാബു അവസാനമായി സന്ദേശം അയച്ച സമയം ഏതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് കലക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് അവസാനമായി മെസേജ് അയച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 4.58 നാണ് നവീന്‍ബാബു ഉദ്യോഗസ്ഥര്‍ക്ക് മെസേജ് അയക്കുന്നത്. ഭാര്യയുടേയും മകളുടേയും ഫോണ്‍ നമ്പര്‍ ആണ് അയച്ചത്.
യാത്രയയപ്പു യോഗത്തിനു ശേഷം മുനിശ്വരന്‍ കോവില്‍ ഭാഗത്തേക്കാണ് നവീന്‍ബാബു പോയതെന്നാണ് ഡ്രൈവറുടെ മൊഴി. നേരെ ക്വാര്‍ട്ടേഴ്സിലേക്കല്ല പോയത്. സുഹൃത്ത് വരുമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് മുനിശ്വരന്‍ കോവില്‍ ഭാഗത്ത് എഡിഎമ്മിനെ ഇറക്കിവിടുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രി വസതിയിലെത്തിയാണ് പൊലീസ് രേഖപ്പെടുത്തിയത്.