ഡോർസെറ്റിലെ പ്രശസ്‌തമായ കെയർഹോമിലാണ് വയോധികരായ അന്തേവാസികളുടെ കൂട്ടമരണമുണ്ടായത്. ഉറങ്ങിക്കിടന്ന മൂന്നുപേർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയായിരുന്നു.
മലയാളി നഴ്‌സുമാരും കെയറർമാരും അടക്കം ജോലിചെയ്യുന്ന സ്വാനേജിലെ ഗെയിൻസ്‌ബറോ കെയർ ഹോമിലാണ് ദാരുണ സംഭവം. മരണങ്ങൾ ‘വിശദീകരിക്കാനാകാത്തത്’ എന്ന നിലയിലാണ് കണക്കാക്കുന്നതെന്ന് ഡോർസെറ്റ് പോലീസ് പറഞ്ഞു,
എന്നാൽ അബദ്ധത്തിൽ പുറത്തുവന്ന കാർബൺ മോണോക്‌സൈഡ് വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക അന്വേഷണ വിവരമായി ആദ്യം പുറത്തുവന്നത്.
അതേസമയം കെയർ ഹോമിലെ മൂന്ന് പേരുടെ അസ്വാഭാവിക മരണത്തെ തുടർന്ന് സംശയം തോന്നിയ ഒരുസ്ത്രീയെ നരഹത്യാ കുറ്റത്തിന് അറസ്‌റ്റുചെയ്തതായും പോലീസ് അറിയിച്ചു. അറസ്റ്റിലായ സ്ത്രീ ഏതുവിധമാണ് കുറ്റക്കാരി ആയതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
ബുധനാഴ്ച്ച വെളുപ്പിനെ 05:20 BST-ന് ഡോർസെറ്റിലെ സ്വാനേജിലെ ഉൾവെൽ റോഡിലുള്ള ഗെയിൻസ്ബറോ കെയർ ഹോമിലേക്ക് പോലീസും ഫയർഫോഴ്‌സും അടക്കമുള്ള അടിയന്തര സേവനങ്ങളെ വിളിക്കുകയായിരുന്നു.
അടിയന്തര ചികിത്സ ആവശ്യമുള്ള ഏഴ് പേരെ ആശുപത്രിയിൽ എത്തിക്കുകയും മറ്റുള്ള താമസക്കാരെ കെട്ടിടത്തിനു അടുത്തുള്ള പള്ളി ഹാളിൽ താമസിപ്പിക്കുകയും ചെയ്‌തതായും പോലീസ് അറിയിച്ചു.
അജിൻകെയർ നടത്തുന്ന ഈ കെയർഹോമിൽ നിന്ന് 40 ഓളം താമസക്കാരെ കുറച്ചു ദൂരെയുള്ള ഓൾ സെയിൻ്റ്സ് ചർച്ചിലേക്കാണ് മാറ്റിപ്പാർപ്പിച്ചത്. നിരവധി മലയാളി നഴ്‌സുമാരും കെയറർമാരും അജിൻ കെയറിൽ ജോലിചെയ്യുന്നുണ്ട്.
സംഭവുമായി ബന്ധമുണ്ടെന്ന് കണ്ടതിനെ തുടർന്ന് 60 വയസ്സുള്ള പ്രാദേശികവാസിയായ ഒരു സ്ത്രീയെ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കെയർ ഹോമിലെ താമസക്കാരെ സഹായിക്കാൻ ഹോം മാനേജ്‌മെന്റ് , മറ്റ് ഏജൻസികൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഡോർസെറ്റ് കൗൺസിൽ അറിയിച്ചു.
"കഴിവതും നേരത്തേതന്നെ താമസക്കാരെ അവരുടെ കെയർ ഹോമിലേക്ക് തിരികെ കൊണ്ടുവരാൻ പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അജിൻകെയർ അറിയിച്ചു.