ഫുഡ് ഡെലിവറി ആപ്പ് ഉപയോഗിച്ച് മുന്‍കാമുകിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച യുവാവിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ഒരു യുവതി പറഞ്ഞിരിക്കുന്നത്. ബംഗളൂരുവിലെ മാര്‍ക്കറ്റിങ് മേഖലയില്‍ ജോലി ചെയ്യുന്ന രുപാല്‍ മധൂപ് എന്ന യുവതിയാണ് തന്റെ സുഹൃത്തിനുണ്ടായ ദുരനുഭവത്തെക്കുറിച്ച് ലിങ്ക്ഡ്ലിനില്‍ പോസ്റ്റ് ചെയ്തത്.
ഡേറ്റിങ് ആപ്പായ ബംബിള്‍ വഴിയാണ് തന്റെ സുഹൃത്ത് ഫുഡ് ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്ന യുവാവിനെ പരിചയപ്പെട്ടതെന്ന് രുപാല്‍ തന്റെ പോസ്റ്റില്‍ പറയുന്നു. ഫുഡ് ഡെലിവറി ആപ്പ് വഴി സുഹൃത്തിന്റെ തത്സമയ ഡെലിവറി അഡ്രസ് യുവാവിന് ആക്‌സസ് ചെയ്യാന്‍ കഴിയുമായിരുന്നു. ഇതിലൂടെയാണ് സുഹൃത്ത് അറിയാതെ നിരീക്ഷണം തുടങ്ങിയതെന്ന് പോസ്റ്റില്‍ പറയുന്നു.
'രാത്രി വൈകി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനെയും ആഴ്ചാവസാനകളിലെ ട്രിപ്പിനെക്കുറിച്ചുമൊക്കെ മുന്‍ കാമുകന്‍ ചോദിക്കുമ്പോള്‍ ആദ്യമൊക്കെ സുഹൃത്ത് അവഗണിച്ചു. എന്നാല്‍, ചോദ്യങ്ങള്‍ തുടര്‍ന്നപ്പോള്‍ ആപ്പ് ഉപയോഗിച്ച് തന്റെ നീക്കങ്ങള്‍ അറിയുന്നുണ്ടെന്ന് മനസിലാക്കി. എവിടെയാണെന്ന് ചോദിച്ച് സുഹൃത്തിനെ നിരന്തരം ചോദ്യം ചെയ്യുകയും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനെക്കുറിച്ച് ചോദിക്കാനും തുടങ്ങി. എന്തുകൊണ്ടാണ് 2 മണിക്ക് സ്വന്തം സ്ഥലത്ത് ഓര്‍ഡര്‍ ചെയ്യാത്തത്? നിങ്ങള്‍ എവിടെയാണ്?, ചോക്ലേറ്റ് ഓര്‍ഡര്‍ ചെയ്തുവല്ലോ? ആര്‍ത്തവമുണ്ടോ?' എന്നിങ്ങനെയുള്ള തികച്ചും വ്യക്തിപരമായ ചോദ്യങ്ങളും ഉണ്ടായി.'
'ആദ്യമൊക്കെ സുഹൃത്ത് ഇതിനെക്കുറിച്ച് ബോധവതിയായില്ലെങ്കിലും, ചോദ്യങ്ങള്‍ തുടരവേ അസ്വസ്ഥതയാകാന്‍ തുടങ്ങി. ബ്രേക്ക്അപ്പിനുശേഷം ആപ്പ് ഉപയോഗിച്ച് അയാള്‍ സുഹൃത്തിനെ പിന്തുടരുകയായിരുന്നു. ഒരു ഫുഡ് ഡെലിവറി ആപ്പിലൂടെ ഒരാളുടെ ലൊക്കേഷനും അവരുടെ ആക്ടിവിറ്റികളും അറിയുന്നത് എത്രത്തോളം ഭയാനകമാണ്. ഇത്തരം വിവരങ്ങള്‍ പലപ്പോഴും ഉപകാരപ്രദമായിരിക്കാം. പക്ഷേ, തെറ്റായ കൈകളില്‍ എത്തിയാല്‍ വളരെ അപകടകരമാണ്,' മധൂപ് എഴുതി.
നിരവധി പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ സ്റ്റോറിയുടെ ആധികാരികതയെ ചോദ്യം ചെയ്തിട്ടുണ്ട്. മറ്റു ചിലര്‍ ഡാറ്റ ദുരുപയോഗവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കുണ്ടായ ചില വ്യക്തിപരമായ അനുഭവങ്ങളും പങ്കുവച്ചിട്ടുണ്ട്.