അനേകം മലയാള കലാസാഹിത്യ പ്രതിഭകളാല്‍ സമ്പന്നമായ യുകെയില്‍ വീണ്ടുമൊരു എഴുത്തുകാരുടെ സംഗമം 'മലയാളോത്സവം 2024' എന്നപേരില്‍ കേരളപ്പിറവിയാഘോഷത്തോടൊപ്പം നടക്കുകയാണ്. നവംബറിലെ രണ്ട്, മൂന്ന് ദിവസങ്ങളില്‍ ആദ്യ ശനിയും ഞായറും ദിനങ്ങളില്‍ ലണ്ടനിലുള്ള കേരള ഹൗസില്‍ വെച്ച് അരങ്ങേറുകയാണ്. പ്രശസ്ത നോവല്‍ ആടുജീവിതത്തിന്റെ സൃഷ്ടാവ് ബെന്യാമിനും പരിപാടിയില്‍ പങ്കെടുക്കും.
യുകെയിലെ മലയാളം എഴുത്തുകാരുടെ ആദ്യസംഗമം 'മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ' യുടെ ആസ്ഥാനമായ ലണ്ടനിലെ 'കേരളാഹൗസി'ല്‍വച്ചു 2017ല്‍ നടത്തുകയുണ്ടായി. അതേത്തുടര്‍ന്നു 2019ല്‍ വീണ്ടും സംഘടിപ്പിച്ച സംഗമത്തിനു ശേഷം അനേകം മലയാളി എഴുത്തുകാര്‍ ഈ രാജ്യത്ത് എത്തപ്പെടുകയും, ധാരാളം പുതിയ പുസ്തകങ്ങള്‍ യുകെ മലയാളികളുടേതായി പുറത്തുവരികയും ചെയ്തു.
വീണ്ടും 2024 നവംബര്‍ രണ്ട്, മൂന്ന് തീയതികളിലായി ലണ്ടനിലെ കേരളാഹൗസില്‍ 'മലയാളോത്സവം 2024' എന്ന പേരില്‍ വേദി ഒരുങ്ങുകയാണ്. കഥോത്സവം, കവിതോത്സവം, പുസ്തക പ്രദര്‍ശനം, പുസ്തക വില്‍പന, കവിതാലാപനം, രചനാ മത്സങ്ങള്‍, കലാ പ്രദര്‍ശനം എന്നിവ ഈ പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു. ആദ്യ ദിനത്തില്‍ ചിത്ര/ശില്‍പ കലാ പ്രദര്‍ശനവും രണ്ടാം ദിനത്തില്‍ സമ്മേളനങ്ങളും ഉണ്ടായിരിക്കും.
ഇതോടൊപ്പം 'എഴുത്തച്ഛന്‍ ഗ്രന്ഥശാല'യുടെ ഔപചാരികമായ ഉദ്ഘാടനവും അന്നേദിവസം നടത്തപ്പെടും. എഴുത്തുകാര്‍ക്ക് അവരുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്താനും, വില്പന നടത്താനും സൗകര്യമുണ്ടായിരിക്കും.
മലയാളി കലാപ്രവര്‍ത്തകര്‍ സൃഷ്ടിച്ച ചിത്രങ്ങളും ശില്‍പങ്ങളും ഒപ്പം ബ്രിട്ടനിലെ സിനിമാ പ്രേമികള്‍ അണിയിച്ചൊരുക്കിയ സിനിമകളുടെ പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കുവാനും സൗകര്യമുണ്ടായിരിക്കും. നിങ്ങളുടെ സാന്നിധ്യം മുന്‍കൂട്ടി അറിയിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പ്രിയവ്രതന്‍ (07812059822)
മുരളീമുകുന്ദന്‍ (07930134340)
ശ്രീജിത്ത് ശ്രീധരന്‍ (07960212334).
www.mauk.org. www.coffeeandpoetry.org.