മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ എത്തിയ കുഞ്ഞ് വീണ്ടും മരണത്തിലേക്ക് തിരികെ പോയ സംഭവം ആണ് ബ്രസീലിലെ കൊറേയ പിന്റോയില്‍ നിന്നും പുറത്ത് വരുന്നത്. മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് ഒരു മണിക്കൂര്‍ പ്രതീക്ഷയുടെ ലോകത്തേക്ക് എത്തിയ കുഞ്ഞ് വീണ്ടും മരണത്തിലേക്ക് തിരികെ പോവുകയായിരുന്നു.
ശവസംസ്‌കാര ചടങ്ങിനിടെ ആണ് പിഞ്ചുകുഞ്ഞില്‍ ജീവന്റെ തുടിപ്പ് കണ്ടത്. കിയാര ക്രിസ്ലെയ്ന്‍ ഡി മൗറ ഡോസ് സാന്റോസ് എന്ന പെണ്‍കുഞ്ഞാണ് വൈറല്‍ അണുബാധയെ തുടര്‍ന്ന് മരിച്ചത്. ശവസംസ്‌കാര ചടങ്ങിനിടെ കുട്ടിയുടെ ശരീരത്തില്‍ ചലനം കണ്ടയുടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ഡോക്ടര്‍മാര്‍ കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം വീണ്ടും ഡോക്ടര്‍മാര്‍ കുട്ടിയുടെ മരണം സ്ഥിരീകരിച്ചു.
ഈ മാസം 19ന് വൈറല്‍ അണുബാധ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളാലാണ് കിയാര മരിച്ചത്. ആരോഗ്യവിദഗ്ധര്‍ വിശദമായ പരിശോധനകള്‍ നടത്തിയെങ്കിലും പള്‍സ് കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ആദ്യം കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ശവസംസ്‌കാര ചടങ്ങുകള്‍ക്കുള്ള ക്രമീകരണങ്ങള്‍ തുടങ്ങി. ഇതിനിടെയാണ് അപ്രതീക്ഷിതമായി കുഞ്ഞ് ചലിച്ചത്. ഇതോടെ കുട്ടിയുമായി കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തുകയായിരുന്നു.
ഒക്ടോബര്‍ 21 ന് ആയിരുന്നു കുട്ടിയുടെ ശവസംസ്‌കാര ചടങ്ങ്. ചടങ്ങുകള്‍ക്കിടയില്‍ കുടുംബാംഗങ്ങളില്‍ ഒരാളുടെ വിരലില്‍ കുഞ്ഞ് മുറുകെ പിടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉടന്‍തന്നെ കുടുംബം കിയാരയെ, ഫൗസ്റ്റിനോ റിസ്‌കറോളി ഹോസ്പിറ്റലിലെത്തിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം രണ്ടാം തവണയും കുട്ടിയെ പരിശോധിക്കുകയും ജീവന്‍ തിരിച്ചു പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ അവള്‍ വീണ്ടും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ദുഃഖത്താല്‍ തകര്‍ന്നിരുന്ന തങ്ങള്‍ക്ക് കിട്ടിയ പ്രതീക്ഷയുടെ നേരിയ കണികയായിരുന്നു ആ ജീവന്റെ തുടിപ്പെന്നും പക്ഷേ, അത് തിരികെ പിടിക്കാന്‍ സാധിച്ചില്ലെന്നും കിയാരയുടെ പിതാവ് ക്രിസ്റ്റ്യാനോ സാന്റോസ് പ്രാദേശിക മാധ്യമങ്ങളോട് വേദനയോടെ പങ്കുവെച്ചു.
ഈ ദാരുണമായ സംഭവത്തില്‍, ബ്രസീലിലെ സ്‌പെഷ്യലിസ്റ്റ് സയന്റിഫിക് പോലീസ് അധികാരികള്‍ മരണ പ്രഖ്യാപനങ്ങളില്‍ പ്രസ്തുത ആശുപത്രിയില്‍ ഉപയോഗിച്ച നടപടിക്രമങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. കുട്ടിയുടെ മരണം രണ്ട് തവണ സ്ഥിരീകരിച്ചതില്‍ ആശുപത്രി ഭരണകൂടം തങ്ങളുടെ പങ്ക് അംഗീകരിച്ചു. ഒപ്പം കിയാരയുടെ ദുഃഖിതരായ കുടുംബത്തോട് മാപ്പ് പറഞ്ഞു. കുട്ടിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ആശുപത്രി അധികൃതര്‍ മരണ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കര്‍ശനമായ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നല്‍കി, സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് വ്യാപകമായ അന്വേഷണം നടത്തുമെന്ന് പ്രാദേശിക ഭരണകൂടവും അറിയിച്ചു.