ഒരു ജോലി നമ്മുടെ ആവശ്യമാണെങ്കില്‍ എന്തും സഹിച്ച് ജോലി ചെയ്യാന്‍ നമ്മള്‍ തയ്യാറാകും. അത് ചിലപ്പോള്‍ മുതലാളിയുടെ വഴക്കാണെങ്കിലും ഓവര്‍ വര്‍ക്ക് ആണെങ്കിലും എന്ത് സഹിച്ച് ആ ജോലി തുടരും. ചിലപ്പോള്‍ അത് ആ ജോലിയോടുള്ള ആത്മാര്‍ത്ഥതയും ആകാം.
ഇവിടെ വളരെ വ്യത്യസ്തമായ ഒരു ജോലിയെ കുറിച്ചുള്ള വിശേഷങ്ങളാണ് വൈറലാകുന്നത്. ഈ ജോലി ചെയ്യാന്‍ മുതലാളിയുടെ ആട്ടുംതുപ്പും പേടിക്കണ്ട, ഓവര്‍ ടൈമും പ്രശ്‌നമല്ല. പക്ഷെ പേടി ഉണ്ടാകരുത് എന്ന് മാത്രം. കാരണം ഈ ജോലിയില്‍ കൂടുതലായി ഇടപെഴകുന്നത് ചിലന്തിയോടായിരിക്കും.
പഴങ്ങള്‍ ശേഖരിക്കുന്ന ജോലി ആണ് ഇത്. ഇത് ചെയ്യാന്‍ എന്താണ് ധൈര്യത്തിന്റെ കാര്യം എന്ന് ആരും ചിന്തിക്കം. പക്ഷെ ഇനി പറയാന്‍ പോകുന്ന കാര്യം കേട്ടാല്‍ ആരും ചിലപ്പോള്‍ ഈ ജോലിക്ക് ഇറങ്ങില്ല. ക്രാന്‍ബെറി പഴങ്ങള്‍ ശേഖരിക്കുകയാണ് ജോലി. പക്ഷെ ഇത് മലമുകളില്‍ കയറി പറിക്കേണ്ട ആവശ്യമില്ല. സാധാരണ പാടത്ത് വിളഞ്ഞുനില്‍ക്കുന്ന ക്രാന്‍ബെറി പഴങ്ങള്‍ പറിച്ചെടുത്താല്‍ മാത്രം മതി.
ഉയര്‍ന്ന പോഷകവും ആന്റിഓക്സിഡന്റും ഉള്ളതിനാല്‍ ക്രാന്‍ബെറി ഒരു സൂപ്പര്‍ പഴമായി കണക്കാക്കപ്പെടുന്നു. ക്രാന്‍ബെറിയിലെ പോഷകങ്ങള്‍ രോഗപ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ചിലതരം ക്യാന്‍സറുകള്‍ തടയുന്നതിനും സഹായകമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ക്രാന്‍ബെറി പഴങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്.
കട്ടിയുള്ള സ്പാഗ്‌നം മോസ്, അസിഡിറ്റി ഉള്ള വെള്ളം, സ്‌പോഞ്ചി പീറ്റ് എന്നിവയാല്‍ സവിശേഷമായ തണ്ണീര്‍ത്തട അന്തരീക്ഷമാണ് ക്രാന്‍ബെറി ബോഗുകള്‍. ഈ പഴം വളരുന്ന സീസണില്‍, ചതുപ്പുനിലം വരണ്ടതായിരിക്കും. വിളവെടുപ്പ് സമയത്ത് മാത്രമാണ് കര്‍ഷകര്‍ പാടത്ത് ചെളിവെള്ളം കയറ്റുന്നത്. ഈ നിയന്ത്രിത ജലക്കെട്ടില്‍ ക്രാന്‍ബെറി വള്ളികള്‍ ഉയര്‍ത്തുന്ന് കിടക്കും. ഇത് ഈ സരസഫലങ്ങള്‍ പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്നു. സവിശേഷമായ ചതുപ്പ് പരിസ്ഥിതിയില്‍ അസംഖ്യം ചെറിയ ജീവികളും ഉണ്ട്. പഴം ഭക്ഷിക്കാന്‍ എത്തുന്ന ചെറു പ്രാണികളെ ഭക്ഷിക്കുന്ന ചിലന്തികളും പാടത്ത് നിറയെ ഉണ്ട് എന്നതു തന്നെയാണ് പഴം ശേഖരിക്കാന്‍ ഇറങ്ങുന്നവരെ ഭയപ്പെടുത്തുന്നത്.
വലകള്‍ നെയ്ത് ഇര പിടിക്കുന്ന ചിലന്തികളില്‍ നിന്ന് വ്യത്യസ്തമായി, പാടത്ത് നിറയെയുള്ള ചെന്നായ ചിലന്തികള്‍ക്ക് സവിശേഷമായ ഒരു വേട്ടയാടല്‍ ശൈലി ഉണ്ട്. അവ ജലത്തിന്റെ ഉപരിതലത്തിനടിയില്‍ പതിയിരിക്കുന്നവയാണ്. പ്രാണികള്‍, ചെറു ജലജീവികള്‍ തുടങ്ങിയവയെ പതിയിരുന്ന് ചിലന്തികള്‍ വേട്ടയാടും.
കീടനിയന്ത്രണത്തിനായി ചിലന്തികളെ പാടത്ത് വളര്‍ത്തുന്നതാണ്. ഈ ചിലന്തികള്‍ പൊതുവെ മനുഷ്യര്‍ക്ക് നിരുപദ്രവകാരികളാണ്. ഇവയ്ക്ക് ശക്തമായ വിഷം ഇല്ല. എന്നാല്‍ ചിന്തികളുടെ കടിക്ക് ചെറിയ വേദന അനുഭവപ്പെടും. ക്രാന്‍ബെറി പഴങ്ങള്‍ ശേഖരിക്കുമ്പോള്‍ ചെന്നായ ചിലന്തിയുടെ കടി ഉറപ്പാണ്. അതിനാല്‍ ചിലന്തികളെ ഭയമില്ലാത്തവരെയാണ് ഈ ജോലിക്ക് ആവശ്യം. ദേഹത്ത് കയറുന്ന ചിലന്തികളെ കൊല്ലാനും പാടില്ല. കൊന്നാല്‍ ജോലി നഷ്ടമാകും.