ഇംഗ്ലണ്ടിലെ സോമര്‍സെറ്റിലെ ച്യൂ വാലി പ്രദേശത്ത് നിന്ന് ഒരു കൂട്ടം അമേച്വര്‍ മെറ്റല്‍ ഡിറ്റക്റ്ററിസ്റ്റുകള്‍ കണ്ടെത്തിയ നിധികള്‍ ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ നിധി വേട്ട എന്നാണ് പറയപ്പെടുന്നത്. 950 വര്‍ഷം പഴക്കമുള്ള 2,584 അത്യപൂര്‍വ്വ വെള്ളി നാണയങ്ങള്‍ ആണ് കണ്ടെത്തിയത്.
ഈ നിധി ശേഖരം സ്വന്തമാക്കിയതോ സൗത്ത് വെസ്റ്റ് ഹെറിറ്റേജ് സ്വന്തമാക്കി. അതും നാല്‍പത്തിയാറ് കോടി ഇരുപത്തിനാല് ലക്ഷം രൂപയ്ക്ക്. ഇംഗ്ലണ്ടിലെ നോര്‍മന്‍ അധിനിവേശ കാലഘട്ടിത്തിലെ നാണയങ്ങള്‍ ആണ് ഇതെന്നാണ് പറയപ്പെടുന്നത്. ഹേസ്റ്റിംഗ്‌സ് യുദ്ധത്തില്‍ വിജയിച്ച് ഇംഗ്ലണ്ടില്‍ നോര്‍മന്‍ ആധിപത്യം സ്ഥാപിച്ച ഇംഗ്ലണ്ടിലെ അവസാനത്തെ കിരീടധാരണ രാജാവായ ഹരോള്‍ഡ് രണ്ടാമന്റെയും വില്യം ഒന്നാമന്റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത നാണയങ്ങളും ഈ ശേഖരത്തിലുണ്ട്.
ഇംഗ്ലീഷ് ചരിത്രത്തിലെ നിര്‍ണായക കാലഘട്ടത്തിലെ ഈ നാണയങ്ങള്‍ അടുത്ത നവംബര്‍ മുതല്‍ യുകെയിലുടനീളമുള്ള മ്യൂസിയങ്ങളില്‍ പ്രദര്‍ശനത്തിനെത്തും. എഡി 1066 നും എഡി 1068 നും ഇടയില്‍ കുഴിച്ചിട്ടെന്ന് കരുതപ്പെടുന്ന ഈ നാണയങ്ങള്‍, ഇംഗ്ലണ്ടില്‍ വില്യം ദി കോണ്‍ക്വററുടെ നേതൃത്വത്തിലുള്ള അധിനിവേശത്തെത്തുടര്‍ന്ന് സാക്‌സണ്‍ ഭരണത്തില്‍ നിന്ന് നോര്‍മന്‍ ഭരണത്തിലേക്കുള്ള ബ്രിട്ടന്റെ ചരിത്രമാറ്റത്തിന്റെ ആദ്യകാല തെളിവുകളാണ്. ഇക്കാലത്തുണ്ടായ ഏതെങ്കിലും കലാപത്തിനിടെ സുരക്ഷിതമായി കുഴിച്ചിട്ടതാകാം ഈ നാണയങ്ങളെന്ന് കരുതുന്നു. ഏഴോളം അമച്വര്‍ നിധി വേട്ടക്കാരാണ് ഈ അമൂല്യ നിധി കണ്ടെത്തിയത്. യൂറോപ്പിലും ഇംഗ്ലണ്ടിലും ആധുനിക മെറ്റല്‍-ഡിറ്റക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അമച്വര്‍ നിധി വേട്ടക്കാരുടെ എണ്ണത്തില്‍ ഇപ്പോള്‍ വലിയ വര്‍ദ്ധനവാണ് ഉള്ളത്.
2019 -ലാണ് ഈ നിധി കണ്ടെത്തിയതെങ്കിലും ഇപ്പോഴാണ് വില്പന സാധ്യമായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാഷണല്‍ ലോട്ടറി ഹെറിറ്റേജ് ഫണ്ട് അടക്കം നിരവധി സംഘടനകളില്‍ നിന്നും പണം സ്വരൂപിച്ചാണ് സൗത്ത് വെസ്റ്റ് ഹെറിറ്റേജ് ഈ അപൂര്‍വ്വ നിധി സ്വന്തമാക്കിയത്. 2022 ല്‍ ഇംഗ്ലണ്ട്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നായി ട്രഷര്‍ ആക്ട് പ്രകാരം 1,378 നിധികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇത്രയേറെ പഴക്കമുള്ള ഇത്രയേറെ നാണയങ്ങള്‍ കണ്ടെത്തുന്നത് ആദ്യമായിട്ടാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹരോള്‍ഡ് രണ്ടാമന്റെ ഭരണകാലത്തെ നാണയങ്ങള്‍ അത്യപൂര്‍വ്വമായിട്ട് മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടൊള്ളൂ.