ഇന്ത്യ -കാനഡ ബന്ധത്തില്‍ വിള്ളല്‍ വന്നതോടെ കുടിയേറ്റ നിയന്ത്രണത്തിനൊരുങ്ങി കാനഡ. ബന്ധത്തിലെ വിള്ളലിന് ശേഷമാണ് കടുത്ത നടപടിയിലേക്ക് കാനഡ നീങ്ങുന്നതെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു.
അടുത്ത രണ്ട് വര്‍ഷത്തില്‍ രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കുമെന്ന് ട്രൂഡോ പറയുന്നു. 2024-ല്‍ 4,85,000 ആയിരുന്ന പെര്‍മെനന്റ് റെസിഡെന്‍ഷ്യന്‍ഷിപ്പ് വരും വര്‍ഷങ്ങളിലായി കുറച്ചുകൊണ്ടുവരാനാണ് കാനഡയുടെ തീരുമാനം. 2025-ല്‍ 3,95,000 ആയും, 2026-ല്‍ 3,80,000 ആയും, 2027-ല്‍ 3,65,000 ആയും കുറച്ചേക്കും. ടെമ്പററി റെസിഡന്റ്സിന്റെ എണ്ണവും ഒറ്റയടിക്ക് 30,000ത്തോളമായി കുറയ്ക്കാനാണ് കാനഡയുടെ തീരുമാനം.ഇത് കാനഡയിലേക്ക് കുടിയേറാനൊരുങ്ങുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും.
രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി കൂടുന്നത് നിയന്ത്രിക്കാനാണ് ഈ തീരുമാനമെന്നാണ് ട്രൂഡോയുടെ വിശദീകരണം. മികച്ച വിദ്യാഭ്യാസവും ജീവിതസാഹചര്യവും ആഗ്രഹിച്ചുവരുന്ന വിദേശവിദ്യാര്‍ത്ഥികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കും. മുന്‍വര്‍ഷത്തേക്കാളും 35% കുറവ് സ്റ്റുഡന്റ് പെര്‍മിറ്റുകള്‍ നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം.
കൂടാതെ വരുംവര്‍ഷങ്ങളില്‍ പത്ത് ശതമാനം വീതം എണ്ണം കുറയ്ക്കാനും തീരുമാനമായി. കുടിയേറ്റനയം മൂലം രാജ്യത്ത് വിലക്കയറ്റവും മറ്റ് പ്രശ്നങ്ങളും വര്‍ധിച്ചുവരുന്നുവെന്ന ജനങ്ങളുടെ പരാതികളിന്മേലുളള നടപടിയാണ് ട്രൂഡോ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കാനഡ സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കുകയാണെന്ന് മാസങ്ങള്‍ക്ക് മുന്‍പേ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ഈ നീക്കം അനിവാര്യമാണെന്നും കൃത്യമായ അവസരങ്ങള്‍ ഉറപ്പാക്കാന്‍ ഇത് അത്യാവശ്യമാണെന്നും ട്രൂഡോ പറഞ്ഞു. അതേസമയം, കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിര്‍ത്തികളില്‍ കൃത്യമായ രേഖകള്‍ ഉള്ളവരെപ്പോലും രാജ്യത്തേക്ക് കടത്തിവിടുന്നില്ല.വിസകള്‍ കൂട്ടമായി റദ്ദ് ചെയ്യാനുള്ള നടപടികളുമായും സര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നു.
ജൂലൈയില്‍ മാത്രം 5000-ത്തിലധികം പേരുടെ വിസയാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇവരില്‍ വിദ്യാര്‍ത്ഥികള്‍, ജോലി തേടിയെത്തിയവര്‍, ടൂറിസ്റ്റുകള്‍ എന്നിവരും ഉള്‍പ്പെടും. ഈ വര്‍ഷം ആദ്യം മുതലേ ട്രൂഡോ സര്‍ക്കാര്‍ സ്വീകരിച്ചുപോന്നിരുന്ന നയം മൂലം ഒരു മാസം ശരാശരി 3500-ാളം ആളുകള്‍ക്ക് കാനഡ എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.