ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ തിരിച്ചടി നൽകിയതോടെ, മിഡിൽ ഈസ്റ്റ് വീണ്ടും കനത്ത യുദ്ധഭീതിയുടെ നിഴലിലായി. നാട്ടിലേക്ക് പോകുകയും അവിടെനിന്ന് തിരിച്ചുവരികയും ചെയ്യുന്ന യു കെ മലയാളികൾ ഗൾഫ് വഴിയുള്ള യാത്ര കുറച്ചുനാളത്തേക്കെങ്കിലും ഒഴിവാക്കാവുന്നതാകും സുരക്ഷിതമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇസ്രായേലിലെ നഴ്സുമാർ അടക്കമുള്ള ആയിരക്കണക്കിന് മലയാളി ജോലിക്കാരും ഗൾഫ് മലയാളികളും അവരുടെ കുടുംബങ്ങളും വീണ്ടും കടുത്ത ആശങ്കയിലുമായി.
ഈ മാസമാദ്യം ഇസ്രയേലിനെതിരായ ടെഹ്‌റാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയാണ് ആക്രമണമെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. ശനിയാഴ്ച പുലർച്ചെയാണ് ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് കനത്ത ബോംബ് ആക്രമണം നടത്തിയത്.
മണിക്കൂറുകൾക്കുള്ളിൽ ഇസ്രായേൽ സൈന്യം ആക്രമണം പൂർത്തിയാക്കിയതായും ലക്ഷ്യങ്ങൾ നേടിയതായും തിരിച്ചടിച്ചാൽ കനത്ത വില നൽകേണ്ടി വരുമെന്നും ഐഡിഎഫ് ഇറാന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
വ്യോമക്രമണത്തിൽ നൂറോളം യുദ്ധവിമാനങ്ങൾ പങ്കെടുത്തതായി യൂറോപ്പ്യൻ ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ പങ്കെടുത്ത വിമാനങ്ങൾ എല്ലാം സുരക്ഷിതമായി തിരിച്ചെത്തിയൊന്നും ഇസ്രായേൽ അവകാശപ്പെടുന്നു. ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഏതൊക്കെ സൈനിക കേന്ദ്രങ്ങളാണെന്ന വിവരം ലഭ്യമല്ല.
ലോകജനത ഭയന്നതുപോലെ, ഇറാന്റെ ആണവകേന്ദ്രങ്ങളിലോ എണ്ണക്കിണറുകളിലോ വിമാനത്താവളങ്ങൾ അടക്കമുള്ള മറ്റ് പ്രധാന കേന്ദ്രങ്ങളിലോ ഇസ്രായേൽ ആക്രമണം നടത്തിയിട്ടില്ല. ടാർജറ്റ് ചെയ്ത സൈനിക കേന്ദ്രങ്ങളിൽ മാത്രമാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പറയുന്നു.
നാമമാത്രമായ ആക്രമണമാണ് നടന്നതെന്ന് ടെഹ്റാൻ പ്രതികരിച്ചു. ഇസ്രയേൽ യുദ്ധവിമാനങ്ങളെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് പ്രതിരോധിക്കാൻ കഴിഞ്ഞതിനാൽ അവർക്ക് കാര്യമായ ആക്രമണം നടത്താനായിട്ടില്ലെന്നും ഇറാൻ പറയുന്നു.
ഇസ്രയേലിലേക്ക് 200 ഓളം മിസൈലുകൾ അയച്ചുനടത്തിയ ആക്രമണത്തിന് ഒരുതിരിച്ചടി എന്നതിലുപരി ഇറാനുമായി ഇപ്പോൾ കടുത്തൊരു യുദ്ധത്തിലേക്ക് നീങ്ങാൻ ഇസ്രായേലിനു താല്പര്യമില്ല എന്ന് തെളിയിക്കുന്നതാണ് ഇന്നലെ നടത്തിയ വ്യോമാക്രമണങ്ങൾ എന്നാണ് യുദ്ധതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ. അതാണ് പ്രതീക്ഷിച്ചതുപോലെ ആണവ കേന്ദ്രങ്ങളോ മറ്റ് സുപ്രധാന കേന്ദ്രങ്ങളോ ലക്ഷ്യമിടാതെയുള്ള ആക്രമണം നടത്തിയത്. അതുകൊണ്ടുതന്നെ ഇറാൻ ഉടനടി ഒരു പ്രത്യാക്രമണത്തിന് മുതിരില്ലെന്നാണ് പൊതുവേയുള്ള നിഗമനം.
അതേസമയം ടെഹ്‌റാനെതിരെയുള്ള ഇസ്രായേൽ ആക്രമണത്തിന് തക്കതായ തിരിച്ചടി ഉടൻ ഉണ്ടാകുമെന്ന് ഒരു അർദ്ധ-ഔദ്യോഗിക ഇറാനിയൻ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്‌തു.
ഇറാനിയൻ മാധ്യമങ്ങൾ തലസ്ഥാനത്തും അടുത്തുള്ള സൈനിക താവളങ്ങളിലും മണിക്കൂറുകളോളം ഒന്നിലധികം സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തു, പുലർച്ചെ 2 മണിക്ക് ശേഷം (വെള്ളിയാഴ്ച 2230 GMT).നേരം പുലരുന്നതിന് മുമ്പ്, മൂന്ന് തരംഗ സ്‌ട്രൈക്കുകൾ പൂർത്തിയായതായും ഓപ്പറേഷൻ അവസാനിച്ചതായും ഇസ്രായേലിൻ്റെ പബ്ലിക് ബ്രോഡ്കാസ്റ്ററും റിപ്പോർട്ടുചെയ്‌തു.
ഇറാനിലെ ടെഹ്‌റാൻ, ഖുസെസ്ഥാൻ, ഇലാം പ്രവിശ്യകളിലെ സൈനിക ലക്ഷ്യങ്ങൾക്കെതിരായ ഇസ്രായേലിൻ്റെ ആക്രമണങ്ങളെ ചില സ്ഥലങ്ങളിൽ പരിമിതമായ നാശനഷ്ടങ്ങളോടെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചതായാണ് ഇറാന്റെ പ്രതികരണം.
എന്നാൽ ഈ ആക്രമണത്തിന് ഇറാൻ തിരിച്ചടി നൽകിയാൽ യുദ്ധം വീണ്ടും രൂക്ഷമാകും. മിഡിലീസ്റ്റ് രാജ്യങ്ങൾ ഒന്നാകെ കടുത്ത യുദ്ധഭീതിയിലും ദുരിതത്തിലും ആയിത്തീരുകയും ചെയ്യും. അമേരിക്കയും മറ്റു സഖ്യകക്ഷികളും ഇസ്രയേലിന് വേണ്ടിയും ഗൾഫിലെ ഷിയ മുസ്ലീം രാജ്യങ്ങൾ ഒന്നാകെ ഇറാനുവേണ്ടിയും രംഗത്തെത്തിയാൽ യുദ്ധം വളരെ വിപുലവും ലോകയുദ്ധമായി തന്നെ മാറാനും സാധ്യതയുണ്ട്.
ഇതിനിടയിൽ വേണമെങ്കിൽ ആണവായുധങ്ങളും ഉപയോഗിക്കപ്പെട്ടേക്കാം. തിരിച്ചടികളുടെ യുദ്ധം രൂക്ഷമായാൽ ഇറാന്റെ അളവ് കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുകയും യുഎസും യൂറോപ്പ്യൻ സഖ്യവും ഒരുവശത്തും റഷ്യയും ഇറാനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ മറുവശത്തുമായി കക്ഷിചേരുകയും ചെയ്തേക്കാം.
യുദ്ധഭീതി അകലുന്നതുവരെ ഗൾഫിലൂടെയുള്ള യാത്രയും സുരക്ഷിതമല്ലെന്ന് വിദഗ്ധർ പറയുന്നു. യുകെയിൽ നിന്ന് നാട്ടിലേക്ക് പോകുന്നവർ ഡൽഹിയും മുംബൈയും അടക്കമുള്ള മറ്റുസിറ്റികൾ വഴിയുള്ള യാത്രകൾ തിരഞ്ഞെടുക്കുന്നത് ആയിരിക്കും നിലവിലെ സാഹചര്യത്തിൽ കൂടുതൽ സുരക്ഷിതം.
ആയിരക്കണക്കിന് മലയാളി നഴ്സുമാരാണ് ഇസ്രായേലിൽ കെയറർമാരുംമറ്റുമായി ജോലി ചെയ്തുവരുന്നത്. അനവധി മലയാളികളും മറ്റുമേഖലകളിലും അവിടെ ജോലിചെയ്യുന്നുണ്ട്. അതൊക്കെ കൊണ്ടുതന്നെ യുദ്ധം രൂക്ഷമാകുമോ ആണവയുദ്ധം ആയി മാറുമോ എന്നൊക്കെയുള്ള ആശങ്കയിലാണ് അവരും കുടുംബാംഗങ്ങളും. ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികളും യുദ്ധ വാർത്ത വന്നതോടെ ആശങ്കയിൽ കഴിയുന്നു.
നിലവിൽ പാലസ്തീൻ ഭീകര സംഘടന ഹമാസിനും ലെബനൻ ഭീകര സംഘടന ഹിസ്‌ബൊള്ളയ്ക്കും എതിരായ യുദ്ധത്തിലാണ് ഇസ്രയേൽ. ഒക്‌ടോബർ 1-ന് ഇസ്രയേലിനുനേരെ 200-ഓളം മിസൈലുകൾ തൊടുത്തുവിട്ട് ഇറാൻ ബാലിസ്റ്റിക്-മിസൈൽ ആക്രമണം നടത്തിയിരുന്നു.
2023 ഒക്‌ടോബർ 7-ന് ഗാസ ആസ്ഥാനമായുള്ള ഇറാൻ പിന്തുണയുള്ള ഫലസ്തീൻ തീവ്രവാദി സംഘടനയായ ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതു മുതൽ ബദ്ധവൈരികളായ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു. ലെബനൻ ആസ്ഥാനമായുള്ള ഹിഹിസ്‌ബൊള്ള തീവ്രവാദികളും ഹമാസിനെ പിന്തുണച്ചുരംഗത്തെത്തി.