യുഎഇയില്‍ ഇനി 17 വയസ്സ് തികഞ്ഞാല്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടാം. ലൈസന്‍സ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി യുഎഇ കുറച്ചു.
ഇതോടൊപ്പം വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും നഗരപരിധിയില്‍ അടിയന്തര ഘട്ടത്തിലല്ലാതെ ഹോണ്‍ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. ഡ്രൈവിംഗ് ലൈസന്‍സിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസില്‍ നിന്നും 17 വയസ്സാക്കി കുറയ്ക്കാനുള്ള നിര്‍ണ്ണായക തീരുമാനമാണ് യുഎഇ പ്രഖ്യാപിച്ചത്. നേരത്തെ 17 വയസും ആറ് മാസവും പിന്നിട്ടവര്‍ക്ക് മാത്രമേ യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിച്ചിരുന്നുള്ളൂ. അടുത്തവര്‍ഷം മാര്‍ച്ച് 29 മുതല്‍ പുതിയ തീരുമാനം നടപ്പാക്കും.
ഇതിനുപുറമെ, വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്നത് രാജ്യത്ത് നിരോധിക്കും, അപകടങ്ങള്‍ തടയാനല്ലാതെ നഗരങ്ങളില്‍ കാര്‍ ഹോണുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. വാഹനാപകടമോ മറ്റ് അത്യാഹിതമോ ഒഴിവാക്കാനല്ലാതെ നഗരപരിധിയില്‍ വാഹനങ്ങള്‍ ഹോണ്‍ മുഴക്കാന്‍ പാടില്ല. 80 കിലോമീറ്ററിലധികം വേഗത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന റോഡുകളില്‍ കാല്‍നട യാത്രക്കാരെ റോഡുറിച്ചു കടക്കാന്‍ അനുവദിക്കില്ല. ഈ റോഡുകളില്‍ റോഡ് ക്രോസ് ചെയ്യണമെങ്കില്‍ മേല്‍പ്പാലങ്ങള്‍ ഉപയോഗിക്കണം.
മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ കടുത്ത ശിക്ഷ ഉറപ്പാക്കും. അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ റോഡ് മുറിച്ചുകടന്നാലും വെള്ളക്കെട്ടിലൂടെ വാഹനങ്ങള്‍ അതിവേഗത്തില്‍ ഓടിച്ചാലും ശിക്ഷ കടുത്തതാകും. അപകടകരമായ സാധനങ്ങളോ സാധാരണയെക്കാള്‍ വലുപ്പമുള്ള വസ്തുക്കളോ വാഹനങ്ങളില്‍ കൊണ്ടുപോകണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. നിയമങ്ങള്‍ പാലിക്കാത്തവര്‍ സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.