യുകെയിലോ അമേരിക്കയിലോ ഇരുന്ന് നാട്ടിലുള്ള പ്രിയപ്പെട്ടവര്‍ക്ക് നാട്ടിലെ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് നല്‍കാം. പുതിയ സൗകര്യം ഒരുക്കുകയാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗി.
27 രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഈ സൗകര്യം ലഭ്യമാവുക. അമേരിക്ക, കാനഡ, ജര്‍മനി, യു കെ, ഓസ്‌ട്രേലിയ, യു എ ഇ എന്നീ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
പ്രവാസികളുടെ ഇന്റര്‍നാഷണല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് തന്നെ സ്വിഗിയില്‍ ലോഗിന്‍ ചെയ്യാം. ഭക്ഷണം ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്യുക മാത്രമല്ല ക്വിക് കോമേഴ്സ് പ്ലാറ്റ്‌ഫോം ആയ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് വഴി നിത്യോപയോഗ സാധനങ്ങളും വിദേശത്തിരുന്നു ഓര്‍ഡര്‍ ചെയ്യാം. ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ യുപിഐ വഴിയോ പേയ്മെന്റ് നടത്താം. ഉത്സവ സീസണോടനുബന്ധിച്ച് പുതിയ സേവനം ലഭ്യമാക്കുന്നതിലൂടെ മികച്ച പ്രതികരണം ആണ് സ്വിഗ്ഗി പ്രതീക്ഷിക്കുന്നത്.
പ്രവാസികള്‍ക്ക് ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സമ്മാനങ്ങള്‍ സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്യാം. നാട്ടില്‍ ഉള്ള പ്രായമായ മാതാപിതാക്കള്‍ക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളും വിദേശത്തിരുന്നു ഓര്‍ഡര്‍ ചെയ്യാമെന്ന് സ്വിഗ്ഗി അറിയിച്ചു. ദീര്‍ഘ കാലമായുള്ള പ്രവാസികളുടെ ആവശ്യമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നതെന്നും കമ്പനി വ്യക്തമാക്കി.
സ്വിഗ്ഗിയുടെ പുതിയ സൗകര്യം സ്ഥിരമായി പ്രവാസികള്‍ക്ക് ലഭ്യമാകും. നേരത്തെ മറ്റൊരു ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയുടെ ക്വിക്ക് കോമേഴ്സ് വിഭാഗമായ ബ്ലിങ്കിറ്റ് സമാനമായ സൗകര്യം പ്രവാസികള്‍ക്ക് ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത് താത്കാലികമായി കുറച്ച് ദിവസത്തേക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്.
വിപുലമായ നെറ്റ്വര്‍ക്ക് ഉള്ളതിനാല്‍ വിശാലമായ സേവനം ലഭ്യമാക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് സ്വിഗ്ഗി വ്യക്തമാക്കി. അറുന്നൂറോളം പട്ടണങ്ങളിലായി ഏതാണ്ട് 2 ലക്ഷത്തോളം റെസ്റ്റോറന്റുകള്‍ ആണ് സ്വിഗ്ഗിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. ആവശ്യ സാധനങ്ങള്‍ നിമിഷങ്ങള്‍ക്കകം ഓണ്‍ലൈന്‍ ഓര്‍ഡര്‍ അനുസരിച്ച് വീടുകളില്‍ എത്തിക്കാന്‍ സഹായിക്കുന്ന സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ട് 43 പട്ടണങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.