ജിയോസിനിമയും ഹോട്ട്സ്റ്റാറും തമ്മിലുള്ള മെഗാ ലയനം പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസം ആയിരുന്നു. JioHotstar.com എന്ന ഡൊമെയ്ന്റെ ഉടമസ്ഥാവകാശം ഡല്‍ഹി സ്വദേശിയായ 28 കാരനായിരുന്നു. ഡൊമെയ്ന്‍ സ്വന്തമാക്കണമെങ്കില്‍ ഒരു കോടി രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. റിലയന്‍സ് ഡൊമെയ്ന്‍ വാങ്ങിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇപ്പോള്‍ പുതിയ ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്.
ഡല്‍ഹി സ്വദേശിയായ ആപ് ഡെവലപര്‍ ദുബായിയിലുള്ള 2 കുട്ടികള്‍ക്ക് ഈ ഡൊമെയിന്‍ വിറ്റുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. 13 വയസുകാരന്‍ ജൈനം ജെയിന്‍, 10 വയസുകാരി ജീവിക ജെയിന്‍ എന്നിവരാണ് ഡെവലപ്പറില്‍ നിന്ന് ഈ ഡൊമെയിന്‍ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഡൊമെയ്നില്‍ പങ്കിട്ടിട്ടുണ്ട്. ഈ ഡൊമെയ്ന്‍ ആര്‍ക്കും സ്വന്തമാക്കാമെന്നും, വില്‍പ്പനയ്ക്കായി തുറന്നിടുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഫോട്ടോകളും വിഡിയോകളും ഉള്‍പ്പെടെയുള്ള യാത്ര ഓര്‍മ്മകള്‍ പോസ്റ്റ് ചെയ്യാന്‍ വെബ്സൈറ്റ് ഉപയോഗിക്കുമെന്ന് സഹോദരങ്ങളുടേതായി പുറത്തുവരുന്ന സന്ദേശങ്ങള്‍. ഡല്‍ഹി ആസ്ഥാനമായുള്ള ഡെവലപ്പറില്‍ നിന്ന് തങ്ങള്‍ ഡൊമെയ്ന്‍ സ്വന്തമാക്കിയതെന്ന് ഇവര്‍ വിശദീകരിച്ചു.
' ഡല്‍ഹിയില്‍ നിന്നുള്ള ഒരു യുവ സോഫ്റ്റ്വെയര്‍ ഡെവലപ്പറെ സഹായിക്കാനാണ് ഡൊമെയ്ന്‍ വാങ്ങിയതെന്നും അവര്‍ പറഞ്ഞു. 'ജിയോ ഹോട്ട്സ്റ്റാര്‍ ഡോട്ട് കോം' തുറക്കുമ്പോഴാണ് ഈ സഹോദരങ്ങളുടെതെന്ന തരത്തില്‍ ഈ സന്ദേശം കാണാം.