മലപ്പുറത്ത് ഭൂമിക്കടയില്‍ നിന്നു സ്ഫോടന ശബ്ദം. വലിയൊരു ശബ്ദം കേട്ടെന്ന് നാട്ടുകാര്‍ പറയുന്നു. നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്താണ് ഇന്നലെ രാത്രി പത്തു മണിയോടെ ശബ്ദം ഉണ്ടായത്.
ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ശബ്ദം കേട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ടു വീടുകള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. ചില വീടുകളുടെ മുറ്റം വിണ്ടുകീറി. ശബ്ദം കേട്ട് ഭയന്ന ആളുകള്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടി. ആനക്കല്ല് നഗറിലെ ജനങ്ങളെ പോത്തുകല്ല് ഞെട്ടിക്കുളം എയുപി സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, ഭൂമികുലുക്കമല്ലെന്നാണ് അധികൃതര്‍ പറയുന്നത്.
ഭൂമിക്കടിയില്‍ നിന്നും ആദ്യം സ്ഫോടനം പോലെയാണ് ശബ്ദം കേട്ടത്. പിന്നാലെ പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റി, ബന്ധുവീടുകളിലേക്കും സ്‌കൂളിലേക്കും മാറ്റി താമസിപ്പിച്ചു. രണ്ട് വീടുകള്‍ക്ക് വിളളല്‍ വീണതായി പരിശോധനയില്‍ കണ്ടെത്തി.
ഇന്നലെ രാത്രി 9.30 ഓടെയുണ്ടായ ശബ്ദം ഒരു കിലോമീറ്റര്‍ അകലെ വരെ കേട്ടുവെന്ന് പരിസരവാസികള്‍ പറഞ്ഞു. തുടര്‍ ശബ്ദം ഉണ്ടായതോടെ പരിഭ്രാന്തരായ നാട്ടുകാര്‍ വീടിന് പുറത്തിറങ്ങി നിന്നു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളും വില്ലേജ് ഓഫിസറും സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
പോത്തുകല്ല് വില്ലേജ് ഓഫിസര്‍ കെ.പി.വിനോദ്, പഞ്ചായത്ത് സെക്രട്ടറി എ.ഷക്കീല, പഞ്ചായത്ത് അംഗങ്ങളായ നാസര്‍ സ്രാമ്പിക്കല്‍, സലൂബ് ജലീല്‍, ഓമന നാലോടി, മുസ്തഫ പാക്കട എന്നിവരും പൊലീസും സ്ഥലത്തെത്തി. ഇവര്‍ വീട്ടുകാരുമായി വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ 10.45നും തരിപ്പ് അനുഭവപെട്ടതായി പറയുന്നു.
രണ്ടാഴ്ച മുന്‍പും സമാനമായ രീതിയില്‍ സ്ഫോടന ശബ്ദം ഉണ്ടായിരുന്നു. വില്ലേജ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മൈനിങ് ആന്‍ഡ് ജിയോളജി അധികൃതരെത്തി പരിശോധന നടത്തിയിരുന്നു.