യുകെയിലെ നഴ്‌സുമാരുടെ ഏറ്റവും വലിയ സംഘടനയുടെ അമരക്കാരൻ ഇതാദ്യമായി ഒരുമലയാളി ആകുമോ?
അതറിയാൻ ഇനി ആഴ്ചകൾ മാത്രം ബാക്കി. റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ 2024 തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നവംബർ 11 നുനടക്കും. യുകെ മലയാളികൾക്കിടയിൽ സുപരിചിതനായ, അറിയപ്പെടുന്ന സംഘാടകനും സാമൂഹിക സേവകനുമായ ബിജോയ് സെബാസ്ററ്യൻ ആർസിഎൻ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്നതാണ് ഇക്കൊല്ലത്തെ സവിശേഷത.
ഇതാദ്യമായാണ് ഒരു മലയാളി നഴ്‌സ് റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ വിജയിച്ചാൽ ബിജോയ് വീണ്ടും ചരിത്രം തിരുത്തിയെഴുതും.
എന്നാൽ ആർസിഎൻ ഇംഗ്ലണ്ടിന്റെ പ്രസിഡണ്ട് സ്ഥാനം നേടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ഇത് മലയാളികളുടെയോ ഇന്ത്യക്കാരുടെയോ സംഘടനയല്ല. ഇംഗ്ലണ്ടിലെ നഴ്‌സിംഗ് സമൂഹത്തെ ഒന്നാകെ ഉൾക്കൊള്ളുന്ന സംഘടനയാണ്.
ബിജോയ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ തുടർന്ന് നടത്തിയ കാമ്പെയിൻ മുഖാന്തരം സമീപവർഷങ്ങളിൽ യുകെയിലെത്തിയ ആയിരക്കണക്കിന് മലയാളി നഴ്‌സുമാരും ഹെൽത്ത് കെയർ അസിസ്റ്റന്റ്മാരും ആർ.സി.എൻ അംഗത്വം എടുത്തിരുന്നു.
തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാം എന്നതുമാത്രമല്ല, ശക്തമായ ഒരു ട്രേഡ് യൂണിയൻ കരിയറിലെ ആവശ്യങ്ങൾക്കെല്ലാം സഹായിയായി കൂടെയുണ്ടെന്ന ആതമവിശ്വാസമാണ് ആർസിഎൻ അസ്സോസിയേഷനിൽ ചേർന്ന ആയിരക്കണക്കിന് നഴ്‌സുമാർക്കും ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്കും ലഭിച്ചത്. ആർസിഎൻ അംഗങ്ങൾക്ക് നൽകിവരുന്ന സൗജന്യ സേവനങ്ങളും പലരേയും അതിശയപ്പെടുത്തുന്നു.
ആർസിഎൻ അംഗത്വമെടുത്ത ആയിരക്കണക്കിന് മലയാളി നഴ്‌സുമാരും ഹെൽത് കെയർ അസിസ്റ്റന്റ്മാരും നിലവിൽ അനുഭവിക്കുന്ന തൊഴിൽപരമായ ചൂഷണങ്ങളും വിസ തട്ടിപ്പുകളും ഇപ്പോൾ സധൈര്യം പുറത്തു പറഞ്ഞുതുടങ്ങി. തൊഴിലിടത്തെ അവകാശങ്ങളെ കുറിച്ചു ബോധവാന്മാരായ നിരവധി ജൂനിയർ നഴ്‌സുമാരാണ് അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും പങ്കുവയ്ക്കുന്നത്.
യൂണിയൻ മെമ്പർഷിപ് ഇല്ലാത്തത് കാരണം ഒറ്റയ്ക്ക് വർക്ക്പ്ലെസ്, സിക്ക്നെസ്/ ഡിസിപ്ലിനറി മീറ്റിങ്ങുകൾക്ക് പങ്കെടുത്ത്, കുടുക്കിലായ സംഭവങ്ങളും ഇപ്പോൾ നിരവധിപ്പേർ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ഷെയർ ചെയ്യുന്നു.
അതേസമയം തന്നെ എൻഎച്ച്എസ് വർക്കേഴ്‌സിന്റെ ശമ്പള വർദ്ധനവും ആനുകൂല്യങ്ങളും ബിജോയി പ്രസിഡന്റിന്റെ ലക്ഷ്യങ്ങളിലെ മുൻഗണനാ വിഷയമാക്കിയത്, നിലവിൽ യുകെയിലുള്ള; നഴ്‌സുമാർ അടക്കമുള്ള എൻഎച്ച് എസ് ജീവനക്കാരുടേയും പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട്
യുകെ മലയാളികളുടെ സാംസ്കാരിക സംഘടനകളും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും ഗ്രൂപ്പുകളും ഓൺലൈൻ മാധ്യമങ്ങളും ചർച്ച സജീവമാക്കിയതോടുകൂടി; ബിജോയിയുടെ തികഞ്ഞ വിജയ പ്രതീക്ഷയാണ് ഇപ്പോൾ യുകെ മലയാളികൾ ഒന്നാകെ പങ്കുവെയ്ക്കുന്നത്.
ഉയർന്ന ജീവിതച്ചെലവുകളും വിസാ/ILR ഫീസുകളും വിസ രംഗത്തെ തട്ടിപ്പുകളും SIFE റൂട്ടിൽ രെജിസ്ട്രേഷൻ തേടുന്ന നഴ്‌സിങ് ബിരുദ ധാരികളുടെ പ്രശ്നങ്ങളും, നിസ്സാര കാരണം പറഞ്ഞുജോലിയിൽ നിന്ന് പിരിച്ചുവിട്ട്, പുതിയ ആൾക്കാരെ എടുക്കുന്നതും തുടർക്കഥയായ യൂക്കെ നഴ്സിങ് രംഗത്തെ സാധാരണ മനുഷ്യരുടെ നിത്യജീവിതത്തെ ബാധിക്കുന്ന പ്രശ്നനങ്ങളും ഗവൺമെന്റിന്റെയും ട്രേഡ് യൂണിയന്റെയും ശ്രദ്ധയിൽപ്പെടുത്തി; അതിനെതിരെ ശക്തമായ നടപടികൾ എടുപ്പിക്കാനുള്ള പരിപാടികൾ ആവിഷ്കരിക്കാൻ RCN ന്റെ സ്വാധീനം പ്രയോജനപ്പെടുത്താൻ കഴിയും. ഇതാണ് ഏവരുടേയും പ്രതീക്ഷ.
വോട്ടുചെയ്യുന്നതിനുള്ള പോസ്റ്റൽ ബാലറ്റ് ഇതിനകം തന്നെ എല്ലാ ആർ സി എൻ അംഗങ്ങളുടെയും അഡ്രസ്സിൽ എത്തിച്ചിട്ടുണ്ടെന്നു ഇലക്ഷൻ നടത്തുന്ന ഏജൻസി ആയ CIVICA എലെക്ഷൻ സെർവിസ്സ് (CES ) അറിയിച്ചു. നവംബർ ആറിനുള്ളിൽ വോട്ടുചെയ്തു പോസ്റ്റ് ചെയ്‌താൽ മാത്രമേ വോട്ടെണ്ണി തുടങ്ങുന്ന നവംബർ 11 നു മുൻപ് ബാലറ്റ് ലഭിച്ചു എന്ന് ഉറപ്പു വരുത്താനാവൂ.
അടുത്തയിടെ അഡ്രസ് മാറ്റുകയോ പുതുതായി ജോയിൻ ചെയ്യുകയോ ചെയ്തിട്ടുള്ളവർ എത്രയും പെട്ടെന്ന് elections@rcn.org എന്ന ഈമെയിൽ അഡ്രസ്സിൽ ബന്ധപ്പെട്ടു തങ്ങളുടെ അഡ്രസ് CIVICA ക്ക് കൈമാറാനും ബാലറ്റ് പുതിയ അഡ്രസ്സിൽ അയച്ചുതരാനും ആവശ്യപ്പെട്ടാൽ മതിയാകും.
വളരെ നാളായി മെംബേർസ് ആയിട്ടുള്ളവരും എന്നാൽ ശരിയായ അഡ്രസ് കൊടുത്തിട്ടും ബാലറ്റ് കിട്ടിയിട്ടില്ലാത്തവർ support@cesvotes.com എന്ന ഇമെയിൽ അഡ്രസ്സിൽ ബന്ധപ്പെട്ടാൽ പുതിയ ബാലറ്റ് ലഭിക്കും.
ബിജോയിയുടെ പഴയ സഹപ്രവർത്തകർ അദ്ദേഹതിന്റെ പ്രവർത്തനത്തെക്കുറിച്ച് പുറത്തിറക്കിയ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. നൂറുകണക്കിന് മലയാളി സംഘടനാ നേതാക്കളും മലയാളി നഴ്‌സുമാരും ഹെൽത്ത്കെയർ അസ്സിസ്റ്റന്റുമാരും സ്റ്റുഡന്റ് നഴ്‌സുമാരുമാണ് ജോലിസ്ഥലങ്ങളിലും കമ്മ്യൂണിറ്റി ഗ്രൂപ്പുകളിലും മറ്റും വോട്ട് അഭ്യർത്ഥിക്കുന്നത്.
ബാൻഡ് 8 നു മുകളിലേക്കുള്ള മലയാളി നഴ്‌സുമാരുടെ സംഘടനയായ അലയൻസ് ഓഫ് സീനിയർ കേരള നഴ്‌സസിന്റെ ജനറൽ സെക്രട്ടറിയായും യുകെയിൽ ജോലിചെയ്യുന്ന ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന, ഫ്ലോറൻസ് നൈറ്റിങ്ഗേൽ ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇന്റർ നാഷനൽ എഡ്യൂക്കേറ്റഡ് നഴ്‌സസിന്റെയും മിഡ്‌വൈഫ്‌മാരുടെയും സംഘടനകളുടെ നെറ്റ് വർക്കിന്റെ ചെയർ ആയും ബിജോയ് സെബാസ്റ്റ്യൻ ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു.
ഒരാഴ്ചമുമ്പ് നടത്തിയ വൻ വിജയമായി മാറിയ അലയൻസ് ഓഫ് സീനിയർ കേരള നഴ്‌സസിന്റെ ആദ്യ വാർഷിക സമ്മേളനവും ബിജോയിയുടെ മികച്ച സംഘാടക മികവിന് ഉദാഹരണമാണ്.
തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടയിലും സേവന പ്രവർത്തനങ്ങളും ബിജോയ് മുടക്കമില്ലാതെ നടത്തുന്നു എന്നതാണ് എടുത്തുപറയേണ്ട മറ്റൊരുകാര്യം. യുകെ മലയാളി നഴ്‌സുമാർക്ക് സുപരിചിതയും അറിയപ്പെടുന്ന നഴ്‌സിംഗ് ട്രെയിനറുമായ മിനിജ ജോസഫിനൊപ്പം കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിവരുന്ന ട്രാൻസ്‌ഫർമേഷൻ പ്രൊജക്റ്റിന്റെ രണ്ടാംഘട്ടത്തിനായി നാട്ടിലേക്ക് പോകുവാനായി തയാറെടുക്കുകയാണ് ബിജോയ് ഇപ്പോൾ.
ബിജോയ് കൂടെ ഉൾപ്പെട്ട യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ എൻഎച്ച്എസ് ക്രിട്ടിക്കൽ കെയർ ഇക്വിറ്റി, ഡൈവേഴ്സിറ്റി ഇൻക്ലൂഷൻ ടീമിന്റെ ഇൻക്ലൂസിവ് കോൺവെർസേഷൻസ് പ്രോജെക്റ്റിനു നഴ്സിങ് ടൈംസ് ഏർപ്പെടുത്തിയ എലിസബത്ത് അനിവോൻവു പുരസ്കാരവും ലഭിച്ചിരുന്നു.
ബ്രിട്ടനിൽ ഇതിനകം മലയാളി മേയർമാർക്കുശേഷം ആദ്യ മലയാളി എംപിയെ സൃഷ്ടിക്കാനും ഈവർഷം യുകെ മലയാളികൾക്ക് കഴിഞ്ഞു. മലയാളി നഴ്‌സുമാരുടെ സംഘടിത ശക്തിക്കുമുന്നിൽ, ആർ.സി.എൻ എന്ന എവറസ്റ്റ് കീഴടക്കുക അസാധ്യമല്ല.
യുകെയിലേക്ക് കുടിയേറിയ പതിനായിരക്കണക്കിന് മലയാളി നഴ്‌സുമാരുടെ വലിയൊരു ലക്‌ഷ്യം നേടിയെടുക്കുവാനായി പോരാടുകയാണ് ബിജോയ് സെബാസ്റ്റ്യൻ. ഈ ഘട്ടത്തിൽ ഒത്തൊരുമയോടെ പൂർണ്ണ പിന്തുണ നൽകി കൂടെ നിൽക്കേണ്ടത് യുകെയിലെ ഓരോ മലയാളി നഴ്‌സിന്റെയും ആവശ്യമാണ്.. കടമയാണ്. അതുനിർവ്വഹിച്ചാൽ ഇത്തവണ ആ അത്ഭുതവും സംഭവിക്കും. അത് യുകെയിലെ മലയാളി നഴ്‌സുമാരുടെ സംഘടിത ശക്തിയുടെ ശബ്ദമായി ചരിത്രത്തിലെന്നും മുഴങ്ങിക്കേൾക്കും…