ലണ്ടന്‍ മൃഗശാലയില്‍ നിന്നും പറന്ന് പോയ രണ്ട് മക്കാവു തത്തകളും അവയുടെ പ്രത്യേകതകളും ആണ് വാര്‍ത്തയാകുന്നത്. വംശനാശഭീഷണി നേരിടുന്ന രണ്ട് മക്കാവു തത്തകള്‍ ആയിരുന്നു മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ട് പറന്ന് പോയത്.
രണ്ട് വയസ്സുള്ള രണ്ട് ബ്ലൂ ത്രോട്ടഡ് മക്കാവുകളായ ലില്ലിയും മാര്‍ഗോട്ടുമാണ് മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ടത്. ഒക്ടോബര്‍ 21 -ന് അവയുടെ ദിനചര്യകള്‍ക്കായി പുറത്തിറക്കിയപ്പോഴാണ് തത്തകള്‍ പറന്ന് പോയത്. തുടര്‍ന്ന് ഇവയെ കണ്ടെത്തുന്നതിനായി മൃഗശാല അധികൃതര്‍ നടത്തിയ തീവ്രമായ തിരച്ചിലിന് ഒടുവില്‍ മൃഗശാലയില്‍ നിന്ന് 60 മൈലിലേറെ ദൂരെ നിന്ന് ഇവയെ കണ്ടെത്തുകയായിരുന്നു.
തത്തകള്‍ പറന്നുപോയ ഉടന്‍ തന്നെ മൃഗശാല അധികൃതര്‍ തത്തകളെ കാണുന്നവര്‍ മൃഗശാലയില്‍ വിവരം അറിയിക്കണമെന്നും അവയ്ക്ക് ഭക്ഷണം നല്‍കരുതെന്നും അഭ്യര്‍ത്ഥിച്ച് കൊണ്ട് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. ലണ്ടന്‍ നഗരം വളരെ ശബ്ദായമാനമായ നഗരമാണന്നും അതിനാല്‍ അവയെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണെന്നും പറഞ്ഞ് കൊണ്ടുള്ള ഔദ്യോഗിക പ്രസ്താവനയില്‍ തത്തകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തങ്ങള്‍ വിപുലീകരിച്ചതായും അറിയിച്ചിരുന്നു. കൂടാതെ സൂര്യകാന്തി വിത്തുകള്‍, പരിപ്പ് തുടങ്ങിയവയെല്ലാം തത്തകള്‍ കഴിക്കുമെങ്കിലും ആരും അവയെ ലാളിക്കാനോ ഭക്ഷണം കൊടുക്കാനോ ശ്രമിക്കരുതെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ തത്തകളെ കണ്ടെത്തുന്നവര്‍ അവയുടെ ഫോട്ടോയും കൃത്യമായ സ്ഥലവും തങ്ങള്‍ക്ക് അയച്ച് നല്‍കണമെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
കേംബ്രിഡ്ജ്‌ഷെയറിലെ ഒരു കുടുംബമാണ് തങ്ങളുടെ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലെ മരത്തില്‍ ഇരിക്കുന്ന അപൂര്‍വ തത്തകളെക്കുറിച്ച് മൃഗശാല ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നാല്‍ മൃഗശാലയിലെ പക്ഷിപാലകര്‍ സ്ഥലത്തെത്തിയപ്പോഴെക്കും അവ അവിടെ നിന്നും രക്ഷപ്പെട്ടു. പക്ഷേ തത്തകളെ വളരെ വേഗത്തില്‍ കണ്ടെത്താന്‍ പക്ഷിപാലകര്‍ക്ക് കഴിഞ്ഞു. ബ്രാംപ്ടണിലെ ഒരു വയലില്‍ നിന്നാണ് പിന്നീട് ഇവയെ പിടികൂടിയത്. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം തത്തകള്‍ക്ക് ഭക്ഷണം നല്‍കി. പിന്നീട് ഇവയെ മൃഗശാലയിലേക്ക് തിരികെ കൊണ്ടു പോയി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇപ്പോള്‍ ക്വാറന്റീനിലാണെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു. ക്വാറന്റിന് ശേഷം ഉടന്‍ തന്നെ ഇവയെ മാതാപിതാക്കളായ പോപ്പിയുടെയും ഒല്ലിയുടെയും ഒപ്പം താമസിപ്പിക്കും. ഈ ഇനത്തില്‍പ്പെട്ട 400 പക്ഷികള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നാണ് പൊതുവെ കരുതപ്പെടുന്നത്.