ലോകമെമ്പാടും ഇന്ന് ദീപാവലി ആഘോഷത്തില്‍. ദീപം കത്തിച്ചും പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ലോകമെങ്ങും ദീപാവലി ആഘോഷത്തിലാണ്. തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്.
ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന ഒരുക്കങ്ങളാണ് ദീപാവലിയുടെ ഭാഗമായി നടക്കുക. പരസ്പരം സമ്മാനങ്ങളും മധുര പലഹാരങ്ങളും കൈമാറും. പല നിറങ്ങള്‍ ചാലിച്ച മധുര പലഹാരങ്ങള്‍ ആകര്‍ഷകമാണ്. പാല്, ഖാജു വിഭവങ്ങള്‍ക്കാണ് ആവശ്യക്കാരേറെയും.
അന്ധകാരത്തെ നീക്കി പ്രകാശത്തെ വരവേറ്റ് തിന്മയ്ക്ക് മേല്‍ നന്മ വിജയിക്കുന്ന ദീപാവലി ആഘോഷങ്ങള്‍ക്കായി ദീപങ്ങള്‍ ഒരുക്കും. രംഗോലികള്‍ തയ്യാറാകും.
ചെരാതുകളില്‍ എണ്ണത്തിരികളിട്ട് ദീപങ്ങളുടെ നിരയൊരുക്കിയും മധുരപലഹാരങ്ങള്‍ കൈമാറിയും പടക്കം പൊട്ടിച്ചും ഉത്സവം പൂര്‍വാധികം ഭംഗിയാക്കും നാടും നഗരവും.
ഉത്തരേന്ത്യയില്‍ അഞ്ച് നാള് നീണ്ടു നില്ക്കുന്ന വലിയ ആഘോഷമാണ് ദീപാവലി. എന്നാല്‍ ദക്ഷിണേന്ത്യയില്‍ പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളു. വനവാസശേഷം അയോദ്ധ്യയിലെത്തുന്ന ശ്രീരാമനെ ജനങ്ങള്‍ വരവേറ്റതിന്റെ ആഘോഷമായും ശ്രീകൃഷ്ണന് നരകാസുരനെ വധിച്ച ദിനത്തിന്റെ ഓര്‍മ്മയായുമെല്ലാം ദീപാവലിയെ വാഴ്ത്താറുണ്ട്.
ഇത്തവണയും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ പടക്ക കടകള്‍ നേരത്തെ തയ്യാറായിരുന്നു. മാലപ്പടക്കം മുതല്‍ സ്റ്റാര്‍ റഷ് പൂക്കുറ്റി വരെ, വിവിധ തരത്തിലുള്ള പടക്കങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.