ആളുകൾക്കിടയിൽ അതിവേഗം പടരുന്ന എംപോക്‌സ് അഥവാ മങ്കി പോക്‌സിന്റെ പുതിയ വകഭേദം ഇതാദ്യമായി യുകെയിലും റിപ്പോർട്ടുചെയ്‌തു.
സമീപകാലത്ത് ആഫ്രിക്കയുടെ ചിലഭാഗങ്ങളിൽ എംപോക്സിൻറെ ഒരുപുതിയ വകഭേദം വ്യാപകമായി പടർന്നുപിടിച്ചിരുന്നു. ആഫ്രിക്കൻ സന്ദർശനശേഷം ബ്രിട്ടനിൽ മടങ്ങിയെത്തിയ രോഗിയിലാണ് ഈ വകഭേദം കണ്ടെത്തിയത്.
എംപോക്‌സ് ക്ലേഡ് 1 ബി എന്ന പുതിയ വകഭേദമാണ് രോഗിയെ ബാധിച്ചത്. ഇത് ആളുകൾക്കിടയിൽ കൂടുതൽ വേഗത്തിലും എളുപ്പത്തിലും പടരുന്നതായി റിപ്പോർട്ട് ചെയ്‌തിരുന്നു.
യുകെയിലെ രോഗി അടുത്തിടെ ആഫ്രിക്കയിലെ രോഗബാധിത രാജ്യങ്ങളിലൊന്നിൽ അവധിക്കാലം ചിലവിട്ടിരുന്നു. തിരികെ ബ്രിട്ടനിലേക്കു പറന്ന് 24 മണിക്കൂറിന് ശേഷം അസുഖം അനുഭവപ്പെട്ടു.
ഒക്‌ടോബർ 22-ന് ഈ രോഗിക്ക് വയറിളക്കവും ഛർദ്ദിയുമായുള്ള ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളും രണ്ട് ദിവസത്തിന് ശേഷം ശരീരമാകെ പൊള്ളൽ കുമിളകളുമുണ്ടായി.
എംപോക്‌സ് പൊള്ളൽ കുമിളകൾ രോഗികളുടെ ശരീരത്ത് ഒരുമാസം വരെ നീണ്ടുനിൽക്കും. പനി, തലവേദന, തളർച്ച എന്നിവയാണ് മറ്റ് രോഗ ലക്ഷണങ്ങൾ.
രോഗബാധിതനായ യുകെയിലെ രോഗി ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് ഹൈ കോൺക്വൻസിസ് ഇൻഫെക്ഷ്യസ് ഡിസീസ് യൂണിറ്റിലാണ് ചികിത്സയിൽ കഴിയുന്നത്.
ലബോറട്ടറി പരിശോധനയിൽ ക്ലേഡ് 1 ബി അണുബാധയാണെന്ന് സ്ഥിരീകരിച്ചു. വൈറസിൻ്റെ ഈ രൂപം അതിവേഗം പടരുന്നതിനാലും വ്യാപനം വർദ്ധിച്ചുവരുന്നതിനാലും കടുത്ത ആശങ്കയുണ്ടാക്കുന്നു.
മറ്റ് തരത്തിലുള്ള എംപോക്‌സുകളെ അപേക്ഷിച്ച് ലൈംഗികത ഉൾപ്പെടെയുള്ള അടുത്ത ശാരീരിക സമ്പർക്കത്തിലൂടെ രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് ഇത് കൂടുതൽ എളുപ്പത്തിൽ പടരുന്നതായി മെഡിക്കൽ ഗവേഷകർ കണ്ടെത്തിയിരുന്നു.
നിലവിലെ സാഹചര്യത്തിൽ യുകെയിലെ പൊതുജനങ്ങൾക്കിടയിൽ പടരാനുള്ള സാധ്യത കുറവാണെങ്കിലും നഴ്‌സുമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി നിർദ്ദേശിച്ചു.
ആഫ്രിക്കയിൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കെനിയ, ബുറുണ്ടി, റുവാണ്ട എന്നിവിടങ്ങളിൽ ഈ വർഷം ക്ലേഡ് 1 ബി എംപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിൻ്റെ അടുത്ത വകഭേദമായ ക്ലേഡ് 1 എ, രോഗബാധിതരായ മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നതോ, അതിന്റെ മാംസം കഴിക്കുന്നതോ ആയി ബന്ധപ്പെട്ടിരിക്കുന്നു.
ക്ലേഡ് 1 ബി 1 എയേക്കാൾ വ്യാപനശക്തി കുറഞ്ഞതാണ്. എന്നിരുന്നാലും, രോഗബാധിതരായ ആളുകളുടെ കൃത്യമായ കണക്കുകൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടായതിനാൽ കുടുതൽപ്പേരിൽ പടർന്നുപിടിക്കാനുള്ള സാധ്യത നിലനിൽക്കുന്നു.