ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വീട്ടില്‍ നടത്തിയ ഒരു ക്ലീനിങ്ങ് കാരണം വലിയൊരു അബദ്ധം പറ്റി കുടുംബം. രാജസ്ഥാനിലെ ഭില്വാര സ്വദേശിക്കാണ് ഇത്തരത്തില്‍ വലിയൊരു മണ്ടത്തരം സംഭവിച്ചത്. നാല് ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മാലിന്യ ട്രക്കിലേക്ക് എടുത്ത് എറിയുകയായിരുന്നു ഇവര്‍.
വീട്ടുടമസ്ഥനായ ചിരാഗ് ശര്‍മ്മയ്ക്കാണ് ഇത്തരത്തില്‍ ഒരു അബദ്ധം സംഭവിച്ചത്. ദീപാവലിക്ക് ഒരുങ്ങുന്നതിനായി വീട് വൃത്തിയാക്കുന്നതിനിടെ സ്വര്‍ണം ഒരു പ്രത്യേക സ്ഥലത്ത് മാറ്റിവച്ചതായി വീട്ടുടമസ്ഥനായ ചിരാഗ് ശര്‍മ്മ പറഞ്ഞു. എന്നാല്‍, മാലിന്യം ശേഖരിക്കാനായി മാലിന്യ ട്രക്ക് വീട്ടിന് മുന്നിലെത്തിയപ്പോള്‍ എത്തിയപ്പോള്‍ അബദ്ധത്തില്‍ മാറ്റിവച്ച സ്വര്‍ണ്ണം ഉള്‍പ്പടെ എടുത്ത് മാലിന്യ ട്രക്കിലേക്ക് തള്ളുകയായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് അബദ്ധം മനസിലായതെന്നും ചിരാഗ് കൂട്ടിച്ചേര്‍ത്തു.
അബദ്ധം മനസിലാക്കിയ ഉടനെ കുടുംബം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ രാകേഷ് പഥക്കിനെയും മറ്റ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. വിവരമറിഞ്ഞ ഉടനെ മേയറുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംഘം രൂപീകരിക്കുകയും ഏറെ മണിക്കൂറുകള്‍ നീണ്ട് പരിശ്രമത്തിനൊടുവില്‍ സ്വര്‍ണ്ണം കണ്ടെത്തുകയും ചെയ്തു. നഷ്ടപ്പെട്ട സ്വര്‍ണ്ണം തിരിച്ച് കിട്ടിയതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി വിവരം ലഭിച്ച മേയര്‍, അപ്പോള്‍ തന്നെ മാലിന്യ ട്രക്ക് ഡ്രൈവറുമായി ബന്ധപ്പെടുകയും ട്രക്ക് സഞ്ചരിച്ച വഴി പിന്തുടരാന്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരെ ഏര്‍പ്പാടുക്കുകയുമായിരുന്നെന്ന് 27 നമ്പര്‍ വാര്‍ഡിലെ സൂപ്പര്‍വൈസറായ ഹേമന്ത് കുമാര്‍ പറഞ്ഞു. എന്നാല്‍, ഇതിനകം ട്രക്കിലെ മാലിന്യം മാലിന്യക്കൂമ്പാരത്തിലേക്ക് ഇറക്കിയിരുന്നു. പിന്നാലെ സ്ഥലത്തെത്തിയവര്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനെടുവില്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നും സ്വര്‍ണ്ണം കണ്ടെടുത്ത് വീട്ടുടമസ്ഥന് തിരികെ നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.