ലോകത്തിലെ തന്നെ വമ്പന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളാണ് ആപ്പിള്‍ ഐഫോണ്‍, ഗൂഗിള്‍ ഫോണ്‍ എന്നിവ. ഈ രണ്ട് കമ്പനികളുടെയും വില്‍പ്പന നിരോധിച്ചിരിക്കുകയാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍. രാജ്യത്ത് വില്‍പ്പന നടത്തുന്ന സ്മാര്‍ട്ഫോണുകളില്‍ 40 ശതമാനം പ്രാദേശിക ഉത്പന്നങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരിക്കണമെന്ന നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
എന്നാല്‍ ആപ്പിളിന്റെ ഫോണുകള്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് അവ വിദേശത്ത് നിന്ന് വാങ്ങാമെന്നാണ് കമ്പനി പ്രതികരിച്ചത്.
ഇന്തോനേഷ്യ ഈ രണ്ട് കമ്പനികളെ സംബന്ധിച്ചും വലിയ വിപണിയല്ല. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ തീരുമാനം കമ്പനിയെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് വ്യവസായ മന്ത്രാലയത്തിന്റെ പ്രതികരണം. രാജ്യത്തെ വ്യാവസായിക നിയമങ്ങള്‍ അനുശാസിക്കുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഈ കമ്പനികള്‍ തയ്യാറാകാത്തതിനാലാണ് തീരുമാനമെന്നും വകുപ്പിന്റെ വക്താവ് ഫെബ്രി ഹെന്റി ആന്റണി പ്രതികരിച്ചു.
വിദേശത്ത് നിന്ന് ഗൂഗിള്‍ പിക്സല്‍ ആപ്പിള്‍ കമ്പനികളുടെ ഫോണ്‍ വാങ്ങുകയും അത് രാജ്യത്ത് കൊണ്ടുവന്ന് ഉപയോഗിക്കാന്‍ താത്പര്യപ്പെടുകയും ചെയ്യുന്ന പൗരന്‍മാര്‍ക്ക് അതിന് അനുമതിയുണ്ടാകും എന്നാല്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നികുതി ഇതിന് ഒടുക്കണം. അല്ലാതെ ഉപയോഗിക്കുന്ന ഫോണുകള്‍ കണ്ടെത്തിയാല്‍ അവ ഡിയാക്റ്റിവേറ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കമ്പനികളുടെ ഫോണുകള്‍ അനധികൃതമായി വില്‍പ്പന നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.