നവംബര്‍ ഒന്ന് മുതല്‍ രണ്ട് പുതിയ മാറ്റങ്ങളാണ് യുപിഐക്ക് വന്നിരിക്കുന്നത്. നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ആണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. യുപിഐ ലൈറ്റിലാണ് പുതിയ മാറ്റങ്ങള്‍ വരുന്നത്.
നവംബര്‍ ഒന്ന് മുതല്‍ യുപിഐ ലൈറ്റില്‍ ഇടപാട് ലിമിറ്റ് വര്‍ധിപ്പിച്ചു. ഓട്ടോമാറ്റിക് ടോപ്- അപ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ മൂല്യമുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ കാര്യക്ഷമമാക്കാനാണ് നടപടി.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, ഉപയോക്താക്കള്‍ക്ക് പിന്‍ നമ്പറടിക്കാതെ തന്നെ 1,000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താം. മുന്‍പ് ഇത് 500 രൂപയായിരുന്നു. വാലറ്റ് ബാലന്‍സ് പരിധി പരമാവധി 2,000 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയര്‍ത്തി. എന്നാല്‍ പ്രതിദിന ഇടപാട് ലിമിറ്റ് 4,000 രൂപയായി തന്നെ തുടരും.
അതേസമയം, യുപിഐ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും സര്‍വകാല റെക്കോര്‍ഡ്. ഒക്ടോബറില്‍ യുപിഐ വഴി 1658 കോടി ഇടപാടുകളാണ് നടന്നത്. ഇതിന്റെ മൂല്യം 23.5 ലക്ഷം കോടി രൂപ വരുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. യുപിഐ സംവിധാനം ആരംഭിച്ച 2016ന് ശേഷം ഒരു മാസം ഇത്രയും ഇടപാടുകള്‍ നടന്നത് ആദ്യമായാണ്.