രൂപത്തില്‍ ഉള്ള വ്യത്യസ്തത സ്വഭാവ രീതിയിലും ഉള്ള ഒരു ജീവിയാണ് നേക്കഡ്‌മോള്‍ റാറ്റ്. അസാധാരണ ജീവിത രീതിയാണ് ഇവ പിന്തുടരുന്നത്. തൊലി ഉരിഞ്ഞെടുത്ത പോലെ കാണപ്പെടുന്ന ഈ ജീവിക്ക് നിരവധി സവിശേഷതകളാണുള്ളത്. നേക്കഡ്‌മോള്‍ റാറ്റിനെക്കുറിച്ച് അറിയപ്പെടുന്ന കാര്യങ്ങള്‍ ആരെയും ഞെട്ടും.
മണല്‍ നായ്കുട്ടിയെന്ന് അറിയപ്പെടുന്ന ഒരുതരം എലിയാണിത്. പിങ്ക് നിറമാണ് ശരീരത്തിന്. കിഴക്കന്‍ ആഫ്രിക്കയിലാണ് ഇവ പൊതുവെ കാണപ്പെടുന്നത്. വലിയ പല്ലുകളും രോമമില്ലാത്ത ശരീരവുമാണ് ഇതിന്റെ പ്രത്യേകത. മനുഷ്യന്റെ പല്ലുകള്‍ പോലെയല്ല. നേക്കഡ്‌മോള്‍ റാറ്റിന് അവയുടെ ഓരോ പല്ലും പ്രത്യേകം ചലിപ്പിക്കാന്‍ കഴിയും. ഇഷ്ടമുള്ള പല്ല് ഉപയോഗിച്ച് ഭക്ഷണം അകത്താക്കാം. ചോപ്സ്റ്റിക്കുകള്‍ പോലെ പല്ലുകള്‍ പ്രവര്‍ത്തിക്കും.
വെള്ളം കുടിക്കാതെ അതിജീവിക്കാന്‍ കഴിയുന്ന അപൂര്‍വം ജന്തുക്കള്‍ മാത്രമേ ഭൂമിയിലുള്ളൂ. അവയിലൊന്നാണ് ഈ ജീവി. സസ്യങ്ങളാണ് പ്രധാന ഭക്ഷണം എന്നതിനാല്‍ ആഹാരത്തില്‍ നിന്ന് തന്നെ ശരീരത്തിന് ആവശ്യമായ ജലാംശം ലഭിക്കും.
ജനിച്ചുവീഴുന്ന നേക്കഡ്‌മോള്‍ റാറ്റിന്റെ ഭാരം ഒരു പൈസയുടെ തൂക്കത്തേക്കാള്‍ കുറവായിരിക്കും. ഒറ്റ പ്രസവത്തില്‍ 12 മുതല്‍ 28 കുഞ്ഞുങ്ങള്‍ വരെ ജനിക്കും. വലിയൊരു കൂട്ടത്തിന് വേണ്ടി ഒറ്റ പെണ്‍ റാറ്റ് മാത്രമേ കാണുകയുള്ളൂ. ഇതിനെ ക്വീന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
റാറ്റിന്റെ ആകെ ഭാരത്തില്‍ കാല്‍ഭാഗവും വരുന്നത് താടിയിലാണ്. മണ്ണ് കുഴിച്ച് ആഹാരം തേടിപോകുന്നതിന് ഇവയെ സഹായിക്കുന്നത് ബലമുള്ള താടികളും പല്ലുകളുമാണ്. സാധാരണ എലികളെ പോലെ 2-3 വര്‍ഷമല്ല ഇവയുടെ ആയുസ്. 30 വര്‍ഷത്തോളം ജീവിക്കുന്ന നേക്കഡ്‌മോള്‍ റാറ്റുകളുണ്ട്.
അന്ധരാണിവ. ഗന്ധവും ശബ്ദങ്ങളും ഉപയോഗിച്ചാണ് പലതും തിരിച്ചറിയുന്നതും സഹജീവികളോട് ആശയവിനിമയം നടത്തുന്നതും. coprophagy അഥവാ മലം കഴിക്കുന്ന രീതി പിന്തുടരുന്ന ജന്തുക്കളാണിത്. സ്വന്തം വിസര്‍ജ്യം തന്നെ ഇവ കഴിക്കുന്നു. പൊതുവെ ജീവികള്‍ മലര്‍ന്ന് കിടക്കുന്നത് ജീവനില്ലാതാകുമ്പോഴാണ്. എന്നാല്‍ റാറ്റുകള്‍ ഉറങ്ങാന്‍ വേണ്ടിയാണ് മലര്‍ന്നുകിടക്കാറുള്ളത്. ഇവ കമിഴ്ന്ന് കിടന്ന് ഉറങ്ങാറില്ല.