ദീപിക പദുക്കോണും രണ്‍വീര്‍ സിങും തങ്ങളുടെ കുഞ്ഞിന്റെ പേര് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. ദുആ പദുക്കോണ്‍ സിങ് എന്ന പേര് ബോളിവുഡ് ആകെ ആഘോഷമാക്കിയ പേരായിരുന്നു. തങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് മകള്‍ എന്ന് താരങ്ങള്‍ പറഞ്ഞു.
എന്നാല്‍ പേരും കുഞ്ഞിന്റെ ചിത്രവും കണ്ട് സന്തോഷത്തിലായ ആരാധകരെ പോലെ തന്നെ ആ പേര് അത്രയ്ക്കങ്ങ് ദഹിക്കാത്ത ചിലരും ഉണ്ടായിരുന്നു. പ്രാര്‍ഥന എന്നാണ് അറബിയില്‍ ദുആ എന്നതിനര്‍ഥം എന്ന് താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു അപ്പോള്‍ പിന്നെ പ്രാര്‍ത്ഥന എന്ന് തന്നെ പേരിട്ടാല്‍ പോരായിരുന്നോ? എന്തിനാണ് മുസ്ലിം പേര് ഇട്ടത് തുടങ്ങിയ ചോദ്യങ്ങളാണ് താരങ്ങളോട് ചോദിക്കുന്നത്.
എന്തിനാണ് കുഞ്ഞിന് മുസ്ലിം പേര് നല്‍കുന്നതെന്നും ദുആ ഫാത്തിമ പദുക്കോണ്‍ സിങ് ആയിരുന്നു ഇതിലും ഭേദമെന്നുമൊക്കെയാണ് വിമര്‍ശനം. തങ്ങളുടെ കുഞ്ഞിന് എന്ത് പേരിടണമെന്ന് മാതാപിതാക്കള്‍ തീരുമാനിച്ച് കൊള്ളും എന്നൊക്കെ മറുവാദങ്ങള്‍ ഉയരുന്നുണ്ടെങ്കിലും വിമര്‍ശകര്‍ അടങ്ങുന്ന മട്ടില്ല. പ്രാര്‍ഥന എന്ന പേരിന്റെ അര്‍ഥം തേടി മറ്റ് ഭാഷകളിലേക്ക് പോകേണ്ട കാര്യമേ ദീപികയ്ക്കും രണ്‍വീറിനും ഇല്ലെന്നാണ് ആളുകള്‍ വാദിക്കുന്നത്.
പ്രാര്‍ഥന എന്ന സംസ്‌കൃദ പദം താരദമ്പതികള്‍ക്ക് പിടിച്ചില്ലെന്ന തരത്തില്‍ ചേരി തിരിഞ്ഞ് വാഗ്വാദങ്ങളുമുണ്ടായി. തരുണ്‍ ഗൗതം എന്ന ട്വിറ്റര്‍ യൂസര്‍ ഈ പ്രശ്നം സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. തരുണിന്റെ പോസ്റ്റ് നിരവധി പേരാണ് റീട്വീറ്റ് ചെയ്തത്. പുതിയ ഇന്ത്യയില്‍ ഇതില്‍ അത്ഭുതപ്പെടാന്‍ ഒന്നും തന്നെയില്ലെന്നായിരുന്നു ഗായിക ചിന്‍മയി ശ്രീപദയുടെ പ്രതികരണം.
കുഞ്ഞിന്റെ പേരിനെ ചൊല്ലിയുണ്ടായ വിവാദം എന്തായാലും ദീപികയോ രണ്‍വീറോ മുഖവിലയ്ക്കെടുത്ത ലക്ഷണമില്ല. അനാവശ്യമായ ഒരു പ്രതികരണങ്ങള്‍ക്കും മുതിര്‍ന്ന ചരിത്രം ഇരുവര്‍ക്കുമില്ല എന്നത് കൊണ്ടു തന്നെ, ഈ വിമര്‍ശനവും താനേ കെട്ടടങ്ങും എന്നാണ് വിലയിരുത്തല്‍.
അതേസമയം, കുഞ്ഞിന്റെ പേരിനൊപ്പം ദീപികയുടെ പേരും ഉള്‍ക്കൊള്ളിച്ചതിന് വലിയ അഭിനന്ദനവും ഉയരുന്നുണ്ട്. അച്ഛന്റെ പേര് മാത്രം കുഞ്ഞിന്റെ പേരിനൊപ്പം ചേര്‍ക്കുന്ന, പുരുഷാധിപത്യ രീതിക്ക് വഴങ്ങാത്തതില്‍, ദമ്പതികള്‍ക്ക് സല്യൂട്ട് എന്നും പലരും കുറിക്കുന്നു.