ഉത്തര്‍പ്രദേശിലെ ഹത്രസില്‍ കടുത്ത വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ പതിനഞ്രുകാരന്റെ വയറിനുള്ളിലുള്ള വസ്തുക്കള്‍ കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 15കാരന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് ബാറ്ററികളും ബ്ലേഡുകളും ഉള്‍പ്പെടെ 56 വസ്തുക്കള്‍ ആയിരുന്നു.
വയറുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വയറ്റിനുള്ളില്‍ അസ്വഭാവികമായ കാര്യങ്ങള്‍ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലൂടെയാണ് വയറ്റില്‍ നിന്ന് വാച്ച് ബാറ്ററികള്‍, ബ്ലേഡുകള്‍, നഖങ്ങള്‍, മറ്റ് ലോഹ കണങ്ങള്‍ എന്നിവ ഉള്‍പ്പെടെ 56 വസ്തുക്കളാണ് നീക്കം ചെയ്തത്.
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. വയറുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ട കുട്ടിയെ ആദ്യം ഹത്രാസിലെയും പിന്നീട് ജയ്പൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഹ്രസ്വ ചികിത്സയ്ക്ക് ശേഷം തിരിച്ചയച്ചു. പലതവണ ചികിത്സ നടത്തിയിട്ടും കുട്ടിയുടെ അവസ്ഥ മാറ്റമില്ലാതെ തുടര്‍ന്നു. തുടര്‍ന്ന് കുടുംബം അലിഗഡിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ ശ്വാസതടസ്സം പരിഹരിക്കാന്‍ മൂക്കിലെ ഒരു മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തി.
ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസതടസ്സം പരിഹരിച്ചെങ്കിലും വയറുവേദന തുടര്‍ന്നു. ഇതോടെ അള്‍ട്രാസൗണ്ട് ചെയ്തു. ഇതില്‍ വയറ്റില്‍ 19 വസ്തുക്കള്‍ കിടക്കുന്നത് മനസ്സിലാക്കുന്നത്. തുടര്‍ന്ന് കുട്ടിയെ നോയിഡയിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
നോയിഡയിലെ ആശുപത്രിയില്‍ നടത്തിയ സ്‌കാനിങ്ങിലാണ് 56 ലോഹ ശകലങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. സ്ഥിതിഗതികള്‍ കണ്ട് പരിഭ്രാന്തരായ വീട്ടുകാര്‍ കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, അവിടെ വച്ച് ഒക്ടോബര്‍ 27 ന് ശസ്ത്രക്രിയ നടത്തി. പക്ഷെ ശസ്ത്രക്രിയയ്ക്ക് ശേഷം ഹൃദയമിടിപ്പ് കൂടുകയും രക്തസമ്മര്‍ദ്ദം കുറയുകയും ചെയ്ത് ശസ്ത്രക്രിയ കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം കുട്ടി മരിക്കുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. കുട്ടിയുടെ വയറ്റിനുള്ളില്‍ ഇതെല്ലാം എങ്ങനെ എത്തി എന്നത് ഇതുവരെ വ്യക്തമല്ല.