കാണ്‍പൂര്‍ : വിവാഹമോചനം എന്നാല്‍ എല്ലാ പ്രതീക്ഷയുടേയും അവസാനം ആണെന്നും എല്ലാ സന്തോഷത്തിന്റെയും ജീവിതത്തിന്റെയും തന്നെ അന്ത്യമാണെന്നും തെറ്റിദ്ധരിക്കുന്നവര്‍ ഉത്തര്‍പ്രദേശിലെ ഈ കുടുംബത്തെ കുറിച്ച് അറിയണം. വിവാഹമോചിതയായി വീട്ടിലേക്ക് എത്തിയ മകളെ എല്ലാ സ്‌നേഹത്തോടെയും ആണ് അവര്‍ സ്വീകരിച്ചത്.
വിവാഹം കഴിച്ച് അയച്ച വീട്ടില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അതെല്ലാം സഹിച്ച് ജീവിതാവസാനം വരെ അവിടെ തന്നെ നില്‍ക്കണം. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അവരുടെ ഭാവിക്ക് വേണ്ടി നീ ഇനി നിന്റെ വീട്ടിലേക്ക് തിരികെ വന്നാല്‍ നിനക്ക് ലഭിക്കാന്‍ പോകുന്ന ചീത്തപേരും പിന്നീടുള്ള ജീവിതവും ഓര്‍ത്ത് എങ്ങനെയും സഹിച്ച് നില്‍ക്കണം എന്ന സാധാരണ ചിന്തയില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു കാഴ്ചയിലേക്കാണ് ഈ കുടുംബം എല്ലാവരെയും എത്തിച്ചത്.
വിവാഹമോചിതയായ മകളെ വളരെ സന്തോഷത്തോടെ ആഘോഷപൂര്‍വ്വം ഭര്‍ത്താവിന്‍രെ വീട്ടില്‍ നിന്ന് ആനയിച്ച് ആണ് അവര്‍ കൊണ്ടുവന്നത്. ഈ ഒരു കാര്യത്തിലൂടെ അവള്‍ ഒരിക്കലും തനിച്ചല്ലെന്നാണ് അവര്‍ തെളിയിച്ചു കൊടുത്തത്.
ഉത്തര്‍പ്രദേശില്‍ അനില്‍ കുമാറും കുടുംബവുമാണ് മകളെ ഇത്തരത്തില്‍ ആനയിച്ച് കൊണ്ടുവന്നത്. ബാന്റ് മേളത്തിന്റെ അകംമ്പടിയോടെയായിരുന്നു മകള്‍ക്ക് തീരികെ വീട്ടിലേക്കുള്ള സ്വീകരണം.
വിവാഹ സമയത്ത് മകള്‍ ഉര്‍വി ധരിച്ച ദുപ്പട്ട ഭര്‍ത്താവിന്റെ വീടിന്റെ ഗെയ്റ്റിന് മുകളില്‍ തൂക്കിയിട്ടതിന് ശേഷമാണ് മകളെ കുടുംബം കൊണ്ടുവന്നത്. മകളെ സ്വീകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്ത കുടുംബത്തിനെ പ്രശംസിച്ച് നിരവധി വ്യക്തികളാണ് രംഗത്തെത്തിയിരിക്കുന്നത്.2016ലാണ് ഉര്‍വിയും ആഷിഷും തമ്മിലുള്ള വിവാഹം നടന്നത്. 8 വര്‍ഷത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ ഉര്‍വിക്ക് പീഡനം അനുഭവിക്കേണ്ടി വന്നുവെന്നാണ് ഇവര്‍ പറയുന്നത്.