കാറില്‍ വളരെ സൗകര്യത്തോടെയുള്ള യാത്രകള്‍ പക്ഷെ നമ്മെ അപകടത്തിലേക്കാണ് നയിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. കാറിലെ യാത്ര നിങ്ങളെ ഒരു ക്യാന്‍സര്‍ രോഗിയാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാറില്‍ സഞ്ചരിക്കുമ്പോള്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ശ്വസിക്കുന്നതായാണ് കണ്ടെത്തല്‍.
എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2015നും 2022നും ഇടയിലുള്ള 101 ഇലക്ട്രിക്, ഗ്യാസ്, ഹൈബ്രിഡ് കാറുകളുടെ ഉള്ളിലെ വായുവില്‍ ഗവേഷകര്‍ വിശകലനം ചെയ്തു. ഇതില്‍ 99ശതമാനം കാറുകളിലും ടിസിഐപിപി എന്ന ഫ്‌ലേം റിട്ടാര്‍ഡന്റ് (തീ അണയ്ക്കാന്‍ സഹായിക്കുന്ന രാസവസ്തു) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് ശ്വസിക്കുന്നതിലൂടെ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരുന്നുവെന്നാണ് കണ്ടെത്തല്‍.
കൂടാതെ പ്രത്യുല്‍പാദന ശേഷി കുറയ്ക്കുന്നതിനും ഇത് കാരണമായേക്കമെന്ന് ഗവേഷകര്‍ പറയുന്നു. ദിവസവും കാറില്‍ ദീര്‍ഘ ദൂരം സഞ്ചരിക്കുന്നവര്‍ക്ക് ഇത് വളരെ ദോഷകരമാണ്. ഇത്തരം രാസവസ്തുക്കളുടെ അളവ് വേനല്‍ കാലത്ത് കാറിനുള്ളില്‍ കൂടുതലായിരിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സീറ്റിലെ കുഷ്യനാണ് കൂടുതലായി കാറിനുള്ളിലെ വായുവില്‍ രാസവസ്തുക്കള്‍ കൂട്ടുന്നതിന് കാരണമാകുന്നതെന്നാണ് പഠന റിപ്പോര്‍ട്ട്. നശിക്കാതിരിക്കാന്‍ നിരവധി രാസവസ്തുക്കളാണ് സീറ്റ് കുഷ്യനില്‍ ചേര്‍ക്കുന്നത്. കാറിന്റെ വിന്‍ഡോകള്‍ തുറന്ന് തണലില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ഈ രാസവസ്തുക്കളുടെ സമ്പര്‍ക്കം കുറയ്ക്കാന്‍ സഹായിക്കുന്നതായി ഗവേഷകര്‍ പറയുന്നു.