ഫ്രാങ്കോയെകുറിച്ച് എഴുതണ്ടയെന്ന് തന്നെ വിചാരിച്ചതാണ്. പക്ഷെ ചില സാഹചര്യങ്ങള്‍ അത് നമ്മെക്കൊണ്ട് പറയിപ്പിക്കും. പലപ്രാവശ്യം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ഥിതിക്ക് അവിടെ ഇരയുടെയും കൂടെ സമ്മതമില്ലാതെ മഠത്തിനുള്ളില്‍ ഒന്നും സംഭവിച്ചിട്ടില്ല അതിനാല്‍ രണ്ടാളും ഒരേപോലെ തെറ്റുകാരാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മിലേറെയും.
ജീവിതത്തിലെ നല്ലൊരു ഭാഗവും കന്യാസ്ത്രീകളോടൊപ്പം ജീവിച്ചു അവരുടെ പരിപാലനങ്ങള്‍ പലവിധം അനുഭവിക്കാനും അവരുടെ അശരരോടുള്ള കാരുണ്യങ്ങള്‍ കണ്‍നിറയെ നേരിട്ട് കാണാനും ഭാഗ്യം ലഭിച്ച ഒരാളാണ് ഞാന്‍ എന്ന നിലയില്‍ കുറച്ചു കാര്യങ്ങള്‍ പറയട്ടെ. ഇന്നെന്നില്‍ എന്തെങ്കിലും നന്മ അവശേഷിക്കുന്നുണ്ടെങ്കില്‍ അവരോടു ഞാന്‍ കടപ്പെട്ടിരിക്കുന്നു.
മഠമെന്ന ചുറ്റുപാടില്‍ ജീവിക്കുന്ന ഒരുപറ്റം പെണ്ണുങ്ങള്‍ പണ്ട് അവരുടെ കുടുംബ ചുറ്റുപാടുകളുടെയും ദാരിദ്ര്യത്തിന്റെയും അവസ്ഥയില്‍ നിന്ന് രക്ഷപെടാന്‍ അല്ലങ്കില്‍ താന്‍ മൂലം കുടുംബത്തിന് വരാവുന്ന കല്യാണമെന്ന മാറാപ്പ് ഭാരത്തിനൊരു ഇളവ് കൊടുക്കാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ സ്വന്തം കുടുംബത്തെയും സഹോദരങ്ങളെയുമൊക്കെ ഉപേക്ഷിച്ചു ആരുടെയോ വാക്കുകളുടെ തീവ്രതയില്‍പെട്ട് സ്വര്‍ഗ്ഗം നേടാന്‍ ഇറങ്ങി പുറപ്പെട്ടവരാണവര്‍.
പിന്നീടുള്ള അവരുടെ വര്‍ഷങ്ങള്‍ നീണ്ട, പഠനക്ലാസുകള്‍ മുഴുവന്‍ തന്നെ സഭയോടും സഭാ നേതാക്കന്‍ മാരോടും കാണിക്കേണ്ട വിദെയത്വത്തെകുറിച്ചും കുലീനതകളെക്കുറിച്ചുമാണ്. അങ്ങനെ സഭയോടും സഭാപിതാക്കന്മാരോടും കാണിക്കേണ്ട കുലീനതകള്‍ ആഴത്തില്‍ പഠിച്ചു സഭയെയും സഭാപിതാക്കന്മാരെയും റെസ്പെക്ട് ചെയ്തത് വളര്‍ന്നു വന്നൊരു പെണ്‍കുട്ടി, പെട്ടെന്നൊരുദിവസം താനിതുവരെ ഭയത്തോടെയും ഭക്തിയോടെയും മാത്രം ഇടപെഴുകിയിരുന്ന ഉന്നതനായ ഒരു വ്യക്തി തന്നോട് കൂടുതല്‍ സ്‌നേഹം കാണിക്കുമ്പോള്‍ അതുവരെ കര്‍ക്കശക്കാരനായ അപ്പനെ/ആങ്ങളയെ മാത്രം കണ്ടു പരിചയമുള്ള ഒരു സ്ത്രീ ആ കാപട്യസ്‌നേഹത്തില്‍ കണ്ണഞ്ചുകയും സ്‌നേഹകുരുക്കില്‍ അറിയാതെ പലവട്ടം വീണിട്ടുമുണ്ടാകാം.
ഇവിടൊരു കാര്യം മനസിലാക്കേണ്ടത് ഒരാണിന് ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള തോന്നല്‍ ഉണ്ടാകാനും അത് മറക്കാനും വളരെ പെട്ടെന്നുതന്നെ സാധിക്കും. അവന്‍ ആഗ്രഹിക്കുന്ന സമയത്തു അവന്റെ ആഗ്രഹം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍, മൃഗീയമായി നേടിയെടുക്കാനുള്ളൊരു ത്വര അത് ആണിനുള്ളൊരു സ്വഭാവമാണ്.
പക്ഷെ ഒരു പെണ്ണിനെ സംബന്ധിച്ചു അവളുടെ മനസ് ഉണങ്ങിവരണ്ടൊരു മണ്ണുപോലാണ്. ഒരാള്‍ നല്‍കുന്ന സ്‌നേഹം അത് അവളിലെക്ക് ഒരാണിന് ചിന്തിക്കാന്‍ പറ്റുന്നതിലധികമായി ആഴ്ന്നിറങ്ങും. അതും പ്രത്യേകിച്ചു വളരെ ചെറുപ്പത്തിലേ തന്നെ സ്വന്തം കുടുംബവും കൂടപൊറുപ്പുകളെയുമെല്ലാം ഇട്ടെറിഞ്ഞു മഠമെന്ന നാലുമൂലക്കുള്ളുള്ളില്‍ പ്രാര്‍ത്ഥനയും അതിനുള്ളിലെ റെസ്‌പോണ്‌സിബിലിറ്റിയുമായി നടന്നിരുന്ന ഒരു കന്യാസ്ത്രീ....
അല്ലെങ്കില്‍ താനിന്ന് വരെ ബഹുമാനിച്ചിരുന്നൊരാളെ തള്ളി മാറ്റി നില്‍ക്കാനുള്ള മനോധൈര്യമില്ലാതെ തെറ്റില്‍ വീണുപോകുകയോ.... കുരുക്കിലാക്കപ്പെടുകയോ... നിര്‍ബന്ധിക്കപ്പെടുകയോ ചെയ്തിട്ടുണ്ടാകാം..
എങ്കിലും എപ്പോഴെങ്കിലുമൊക്കെ താന്‍ ചെയ്യുന്നത് തെറ്റാണെന്നോ അല്ലങ്കില്‍ തന്റെ ഉത്തരവാദിത്വത്തെകുറിച്ചോ അതുമല്ലെങ്കില്‍ തന്റെ കുടുംബ പശ്ചാലമോ ഒക്കെ അവളെ അതില്‍നിന്ന് ഒരു ദിവസം മാറ്റി ചിന്തിപ്പിച്ചതിന്‍ പ്രതിഫലനമായി ഒരുദിവസം തന്നെ ഉപദ്രവിക്കാന്‍ വന്ന ആളെ തട്ടി മാറ്റി പ്രതികരികരിച്ചിട്ടുണ്ടാകാം.....
അന്നവള്‍ സമൂഹത്തിലും സ്വന്തം മഠത്തിലും നീതിപീഠത്തിന്റെ മുമ്പിലും അവള്‍ തെറ്റുകാരിയായി.....
പഞ്ഞിക്കെട്ടുപോലുള്ള ചില മനുഷ്യരുണ്ട് അവര്‍ക്ക് അവരുടെ ശരികളെ മറ്റുള്ളവരുടെ മുമ്പില്‍ എണ്ണമിട്ടു പറയാനറിവില്ലാത്തവര്‍... തന്റെ വീടിനുള്ളിലെ/സഭക്കുള്ളിലെ വിഷമങ്ങള്‍ ഒരു സമൂഹത്തിന് മുമ്പില്‍ അടക്കിപ്പിടിച്ചു വളരെ കരുതലോടെ നീങ്ങുന്നവര്‍......
അങ്ങനെയൊക്കെയുള്ളപ്പോള്‍ ഫ്രാങ്കോയെപോലെ സമൂഹത്തില്‍ നല്ല പിടിപ്പാടുള്ളോരാള്‍ക്ക് താന്‍ ചെയ്ത തെറ്റ് തെറ്റല്ലാതാക്കാന്‍ സഭക്കത്തുനിന്നും പുറത്തുനിന്നും ഒട്ടേറെ രക്ഷിതാക്കളും പണവും ഉള്ളപ്പോള്‍ എല്ലാം സഹിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പോകാമെന്ന് മാത്രം കേട്ട് വളര്‍ന്നൊരു സ്ത്രീക്ക് എന്ത് ചെയ്യാനാകും...
ഒരാള്‍ക്ക് ഇങ്ങോട്ടു ഒരു പക ഉണ്ടെന്ന് തോന്നിയാല്‍ പോലും ബലി അര്‍പ്പിക്കരുത് എന്ന് പറഞ്ഞിട്ടുള്ള കര്‍ത്താവിന്റെ മുമ്പില്‍.... എന്നോട് ഇവന്‍ തെറ്റ് ചെയ്തുവെന്ന് അലറിക്കരയുന്ന ഒരു സ്ത്രീയെ കൂടുതല്‍ തകര്‍ക്കാന്‍....
വിശുദ്ധബലി അര്‍പ്പിച്ചാല്‍ അതിലൂടെ എന്ത് മെസ്സേജ്ജാണ് സഭാനേതാവ് വിശ്വാസികള്‍ക്ക് നല്‍കുന്നത്...
നീതിപീഠമേ ഒരു സ്ത്രീ അത് ഒരു ഭാര്യയോ കന്യാസ്ത്രീയോ ആരുമായികൊള്ളട്ടെ. ഒരുവന്‍ അവളുടെ സമ്മതമില്ലാതെ അവളുടെ ദേഹത്ത് ലൈംഗികചുവയോടെ കൈവച്ചിട്ടുണ്ടെന്ന് പറഞ്ഞാലത് ലൈംഗിക പീഡനം തന്നെയാണ്.
ജോസ്‌ന സാബു സെബാസ്റ്റ്യന്‍