സിനിമ നന്നാവാന്‍ വേണ്ടി ഏത് വേഷമാണെങ്കിലും ചെയ്യുമെന്ന് തുറന്ന് പറഞ്ഞ ഒരു താരമാണ് പൃഥ്വിരാജ്. ആ പറഞ്ഞ വാക്ക് നൂറ് ശതമാനം പാലിക്കാനും പൃഥ്വിരാജ് എന്ന നടന് സാധിച്ചിട്ടുണ്ട്. എഴുന്നേറ്റ് നിന്ന് കൈയ്യടിക്കാന്‍ തോന്നുന്ന കഥാപാത്രങ്ങളാണ് പൃഥ്വിരാജ് എന്ന നടനിലൂടെ പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്.
അത്തരത്തില്‍ പൃഥ്വിരാജിന്റെ കരിയറിലെ വേറിട്ട വേഷങ്ങളില്‍ ഒന്നായിരുന്നു മുംബൈ പൊലീസിലേത്. ഇതുവരെ ഒരു സംവിധായകനും എഴുത്തുകാരനും നടനും ചിന്തിച്ചിട്ടില്ലാത്ത കഥാപാത്രം. റോഷന് ആന്‍ഡ്രൂസ്- ബോബി- സഞ്ജയ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇന്‍വസ്റ്റിഗേറ്റീവ്- ത്രില്ലര്‍ ചിത്രമായിരുന്നു മുംബൈ പൊലീസ്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചും ഇതിലെ കഥാപാത്രത്തെ കുറിച്ചും ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. സിനിമയിലെ നായകന് ഒരു ഗേ ആണെന്ന് അറിയുമ്പോള്‍ ഇപ്പോള്‍ ഒരു അത്ഭുതവും തോന്നില്ലായെന്നാണ് പൃഥ്വിരാജ് പറയുന്നത്.
പൃഥ്വിയുടെ വാക്കുകള്‍ ഇങ്ങനെ: 'മുംബൈ പൊലീസിന്റെ സ്ക്രിപ്റ്റ് എഴുതുമ്പോള്‍ ബോബി - സഞ്ജയും റോഷനും ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ചുള്ള കണ്ഫ്യൂഷനില് ആയിരുന്നു. കാരണം ഏത് ഡയറക്ഷനിലേക്ക് കഥയെ എത്തിക്കുമെന്നായിരുന്നു അവരുടെ മുന്നിലെ വെല്ലുവിളി. ക്ലൈമാക്സിലെ ആ ഒരു ട്വിസ്റ്റിനു വേണ്ടി ഒരുപാട് ചിന്തിച്ചു.
സത്യം പറഞ്ഞാല്‍ ആ ഒരു പോയിന്റില്‍ മാത്രം ഞങ്ങള്‍ സ്റ്റക്കായി ഇരുന്നത് കുറച്ച് മാസങ്ങളായിരുന്നു. ഒരു ദിവസം അര്‍ദ്ധരാത്രി എനിക്ക് റോഷന്റെ കാള്‍ വന്നു. റോഷന് എന്നോട് ചോദിച്ചത്, സിനിമ നന്നാവാന്‍ വേണ്ടി ഏത് വേഷമാണെങ്കിലും ചെയ്യുമെന്ന് ഒരിക്കല്‍ പറഞ്ഞത് ഓര്‍മ്മയുണ്ടോയെന്നായിരുന്നു. ഞാന്‍ യെസ് പറഞ്ഞപ്പോള്‍ ഇപ്പോഴും ആ വാക്കില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് റോഷന് ചോദിച്ചു.
ഞാന്‍ അതെയെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ നിന്നെ കാണാന്‍ വരുന്നു എന്ന് റോഷന് പറഞ്ഞു. സഞ്ജയ്യും റോഷനും എന്നെ കാണാന്‍ വന്നു. അവരെന്നോട് വളരെ സൂക്ഷ്മമായി കഥയുടെ അവസാന ട്വിസ്റ്റ് വെളിപ്പെടുത്തി.
ഇതാണ് സംഭവിക്കുന്നത് എന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ ഞാന്‍ കൈയടിക്കുകയാണ് ചെയ്തത്. ഇത് ഗംഭീരമായിരിക്കുന്നുവെന്ന് ഞാന്‍ പറഞ്ഞു.
കാരണം അതൊരിക്കലും ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു അത്. അതേ ട്വിസ്റ്റ് ഇന്നാണെങ്കില്‍ ഒരിക്കലും വര്‍ക്ക് ആവില്ല. ഇത് ആദ്യമായി പറയുന്നത് ഞാനാണ്. കാരണം അന്ന് ആ ട്വിസ്റ്റിന് ഒരു ഷോക്ക് വാല്യൂ ഉണ്ടായിരുന്നു. ഇന്ന് അതില്ല. കാരണം സിനിമയിലെ നായകന് ഒരു ഗേ ആണെന്ന് അറിയുമ്പോള്‍ ഇപ്പോള്‍ കാണുമ്പോള്‍ ഒരു അത്ഭുതവും തോന്നില്ല' എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.